
തിരുവനന്തപുരം: വനിതകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന 'പ്രിയദർശിനി" പദ്ധതിയുടെ ഉദ്‌ഘാടന ബസുകൾ അണിയിച്ചൊരുക്കിയതും മൂന്നു വനിതകൾ. പാപ്പനംകോട് സെൻട്രൽ വർക്‌സ് യൂണിറ്റിലെ പെയിന്റർമാരായ കിളിമാനൂർ സ്വദേശിവിശാലി, നെയ്യാറ്റിൻകര സ്വദേശി സിമി, വർക്കല സ്വദേശി സൗമ്യ എന്നിവരാണ് ബസൊരുക്കിയത്.
കാട്ടാക്കട, നെയ്യാറ്റിൻകര ഡിപ്പോകളിലെ ആർ.എസ്.ഇ 200, ആർ.എസ്.കെ 442 ബസുകളാണ് രണ്ടു ദിവസം കൊണ്ട് ഇവർ പെയിന്റ് ചെയ്ത് മനോഹരമാക്കിയത്. മെക്കാനിക്കൽ വിഭാഗത്തിന്റെയും കാർപെന്റർ വിഭാഗത്തിന്റെയും ജോലിക്ക് ശേഷമാണ് പെയിന്റിംഗിനെത്തിച്ചത്.
ബസുകളിൽ ഒരെണ്ണത്തിന് ചുവപ്പും മറ്റൊന്നിന് വെള്ള നിറമുള്ളതാണ്. സ്റ്റെൻസിൽ ഉപയോഗിച്ച് 'പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര" എന്ന് എഴുതിയതും മൂവർ തന്നെയാണ്. ചാർജ്മാൻമാരായ ജയപ്രകാശും ഉദയനുമാണ് മൂവരെയും ഇതിനായി ചുതലപ്പെടുത്തിയത്. നിർദ്ദേശവും സഹാവും നൽകാൻ പെയിന്റർമാരായ ജയചന്ദ്രൻ, പ്രശാന്ത് എന്നിവരും ഒപ്പം നിന്നു.
ഐ.ടി.ഐ പെയിന്റിംഗ് ട്രേഡ് വിജയിച്ച മൂന്നുപേരും ഏഴുവർഷമായി കെ.എസ്.ആർ.ടി.സിയിൽ ദിവസവേതന ജീവനക്കാരാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |