SignIn
Kerala Kaumudi Online
Friday, 17 July 2026 1.31 AM IST

എൽ.എൽ.ബി പ്രവേശന റാങ്ക് ലിസ്റ്റ്: വീഴ്ചയിൽ ആഭ്യന്തര അന്വേഷണം

aa

കൊച്ചി: എൽ.എൽ.ബി പ്രവേശനത്തിന് പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതിലെ ഗുരുതര സാങ്കേതിക വീഴ്ചയെക്കുറിച്ച് ആഭ്യന്തര അന്വേഷണത്തിന് പ്രവേശന പരീക്ഷാ കമ്മിഷണർ അഫ്സാന പർവീൺ ഉത്തരവിട്ടു. ജോയിന്റ് കമ്മിഷണർ അവധിയായതിനാൽ ഔദ്യോഗികമായ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, കമ്പ്യൂട്ടർ അധിഷ്ഠിത മൂല്യനിർണയത്തിൽ എങ്ങനെ പിഴവ് സംഭവിച്ചെന്ന് വിശദമായി പരിശോധിക്കാൻ കമ്മിഷണർ നിർദ്ദേശിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തുടർനടപടികൾ.

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ആദ്യ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത് നെഗറ്റീവ് മാർക്ക് പരിഗണിക്കാതെയാണ്. ഒരു ശരിയുത്തരത്തിന് മൂന്ന് മാർക്ക് നൽകുമ്പോൾ, തെറ്റായ ഓരോ ഉത്തരത്തിനും ഒരു മാർക്ക് വീതം കുറയ്‌ക്കേണ്ടതാണ്. നെഗറ്റീവ് മാർക്ക് കുറയ്‌ക്കാതെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതോടെ, മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ പിന്നിലാവുകയും അർഹതയില്ലാത്തവർ മുന്നിലെത്തുകയും ചെയ്തു.

ഉത്തര സൂചിക ഉപയോഗിച്ച് സ്വന്തം മാർക്ക് കണക്കുകൂട്ടിയ കുട്ടികളാണ് അപാകത കണ്ടുപിടിച്ചത്. 15 ഓളം പരാതികൾ പ്രവേശന പരീക്ഷാ കമ്മിഷണർക്ക് ലഭിച്ചതോടെ ആദ്യ ലിസ്റ്റ് പിൻവലിച്ച് അടിയന്തരമായി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ അധികൃതർ നിർബന്ധിതരായി.

ആദ്യലിസ്റ്റിൽ പുറത്ത്,

രണ്ടാം ലിസ്റ്റിൽ അകത്ത്

ത്രിവത്സര എൽ.എൽ.ബി ആദ്യ റാങ്ക് ലിസ്റ്റിൽ ഇല്ലാതിരുന്ന വിദ്യാർത്ഥി രണ്ടാമത്തെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. അപേക്ഷയുമായി ബന്ധപ്പെട്ട് രേഖ ഹാജരാക്കാനുള്ളതിനാൽ വിത്ത് ഹെൽഡ് വിഭാഗത്തിലാണിത്.അതിനാൽ റാങ്ക് വ്യക്തമല്ല. ആഗസ്റ്റ് ആദ്യവാരം അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

സമരവുമായി വിദ്യാർത്ഥി സംഘടനകൾ

പ്രവേശന പരീക്ഷാ കമ്മിഷണറേറ്റിന്റെ ഗുരുതര അനാസ്ഥയിൽ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചു. മാർക്ക് നിർണയത്തിലും റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതിലും അട്ടിമറി നടന്നെന്നും മെരിറ്റ് അട്ടിമറിക്കപ്പെട്ടേക്കാമെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു. സർക്കാർ ഇടപെട്ട് ആശങ്ക പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LLB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA