SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.51 AM IST

ദുരിതാശ്വാസ നിധി ക്രമക്കേട്, ഒരുവർഷമായി ഉത്തരവ് ഇറക്കാതെ ലോകായുക്ത

p

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കഴിഞ്ഞ മന്ത്രിസഭയിലെ 18 മന്ത്രിമാർക്കുമെതിരായ ദുരിതാശ്വാസ നിധി ദുരുപയോഗ കേസിൽ വാദം പൂർത്തിയായി ഒരു വർഷമായിട്ടും ഉത്തരവിറക്കാതെ ലോകായുക്ത. ലോകായുക്തയുടെ അധികാരം കവരുന്ന ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനാൽ പ്രതികൂല വിധി വന്നാൽ സർക്കാർ പ്രതിസന്ധിയിലാകും. കഴിഞ്ഞവർഷം മാർച്ച് 18നാണ് വാദം തീർന്നത്.

വാദത്തിനിടെ, അഴിമതി തെളിഞ്ഞാൽ പൊതുസേവകർ സ്ഥാനമൊഴിയണമെന്ന് പ്രഖ്യാപിക്കാൻ അധികാരം നൽകുന്ന ലോകായുക്തയുടെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്ത് സർക്കാർ ഓർഡിനൻസിറക്കി. ഓർഡിനൻസിൽ ഒപ്പിട്ടെങ്കിലും പകരമുള്ള ബില്ലിന് ഗവർണർ അംഗീകാരം നൽകിയിട്ടില്ല. ബിൽ നിയമമാവാത്തതിനാൽ പതിന്നാലാം വകുപ്പ് പുന:സ്ഥാപിക്കപ്പെട്ടു. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത ഉത്തരവിലാണ് ബന്ധുനിയമനക്കേസിൽ കെ.ടി.ജലീൽ മന്ത്രിസ്ഥാനം രാജിവച്ചത്. അധികാരം വെട്ടിക്കുറച്ച ഓർഡിനൻസ് വന്നതോടെ, ഉത്തരവിറക്കുന്നത് ലോകായുക്ത മാറ്റിവയ്ക്കുകയായിരുന്നു. അതേസമയം, മന്ത്രിസഭാ തീരുമാനം ചോദ്യം ചെയ്യാൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്നാണ് സർക്കാ‍ർ നിലപാട്. മാനുഷിക പരിഗണനയിൽ അർഹതയുള്ളവർക്കാണ് സഹായം നൽകിയതെന്ന് സർക്കാർ ലോകായുക്തയെ അറിയിച്ചിരുന്നു.

കേസ് ഇങ്ങനെ

 അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം

ചെങ്ങന്നൂർ മുൻ എം.എൽ.എ അന്തരിച്ച കെ. കെ.രാമചന്ദ്രൻ നായരുടെ കുടുംബത്തിന്റെ കടങ്ങൾ തീർക്കാൻ എട്ടരലക്ഷവും മകന് അസി.എൻജിനിയർ ജോലിയും

സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസർ പ്രവീണിന്റെ ഭാര്യക്ക് ജോലിയും 20ലക്ഷം രൂപയും

ഇതെല്ലാം സ്വജനപക്ഷപാതവും അഴിമതിയുമാണെന്നാണ് കേസ്

ഈ തുക മുഖ്യമന്ത്രി, 18മന്ത്രിമാർ എന്നിവരിൽ നിന്ന് ഈടാക്കണമെന്നാണ് കേരള സർവകലാശാല മുൻ സിൻഡിക്കേറ്റംഗം ആർ.എസ്.ശശികുമാറിന്റെ ഹർജി.

തലയ്ക്കുമേലേ

14-ാം വകുപ്പ്

ലോകായുക്ത റിപ്പോർട്ട് അധികാരിക്ക് കൈമാറിയാൽ മൂന്ന് മാസത്തിനകം നടപടിയെടുക്കണം

മുഖ്യമന്ത്രിയുടെ അധികാരി ഗവർണറും മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും അധികാരി മുഖ്യമന്ത്രിയുമാണ്.

ആരോപണം ശരിയാണെന്ന് ലോകായുക്ത പ്രഖ്യാപിച്ചാൽ മുഖ്യമന്ത്രിയും മന്ത്രിമാരും സ്ഥാനമൊഴിയണം

അതഴിവാക്കാനാണ് 14 വകുപ്പ് ഭേദഗതി

ഭേദഗതിയിൽ മുഖ്യമന്ത്രിക്കെതിരേ നടപടിക്ക് നിയമസഭയെ അധികാരിയാക്കി

മന്ത്രിക്കെതിരായ വിധിയിൽ മുഖ്യമന്ത്രിയും എം.എൽ.എമാർക്കെതിരെ സ്പീക്കറും അപ്പലേറ്റ് അധികാരിയാവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOKAYUKTHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA