ന്യൂഡൽഹി: 28, 29, 30 തീയതികളിൽ നടത്താൻ തീരുമാനിച്ച രാജ്യവ്യാപക ബാങ്ക് പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് ബാങ്കിംഗ് സംഘടനകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസ് (യു.എഫ്.ബി.യു) വ്യക്തമാക്കി. ഇന്നലെ ന്യൂഡൽഹിയിൽ തൊഴിൽ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ സാന്നിദ്ധ്യത്തിൽ യൂണിയനും ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഫിനാൻഷ്യൽ സർവീസസ് വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു. അഞ്ച് ദിവസത്തെ ബാങ്കിംഗ് പ്രവൃത്തി ദിനങ്ങൾ നടപ്പിലാക്കണമെന്ന ആവശ്യത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് അനുകൂല പ്രതികരണമുണ്ടായില്ലെന്ന് യു.എഫ്.ബി.യു പറഞ്ഞു. വേതന പരിഷ്കരണ പരിഹാരത്തിന്റെ ഭാഗമായി 2024 മാർച്ചിൽ അഞ്ച് ദിവസത്തെ ബാങ്കിംഗ് ക്രമീകരണം ഒപ്പു വച്ചെങ്കിലും നടപ്പിലാക്കിയില്ല. പണിമുടക്ക് പിൻവലിക്കണമെന്ന് കേന്ദ്രം യൂണിയനുകളോട് അഭ്യർത്ഥിച്ചു. യു.എഫ്.ബി.യു, ഐ.ബി.എ, ഡി.എഫ്.എസ്, ബാങ്ക് മാനേജ്മെന്റുകൾ എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. അതേസമയം ശാഖകളിൽ നേരിട്ടെത്തി ചെയ്യേണ്ട പ്രധാന ജോലികൾ മുൻകൂട്ടി പൂർത്തിയാക്കാൻ ബാങ്കുകൾ ഉപഭോക്താക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |