
തിരുവനന്തപുരം: നടൻ മധു, കവി ശ്രീകുമാരൻ തമ്പി, ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ, ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റൻ ഒളിമ്പ്യൻ പി. ആർ. ശ്രീജേഷ് എന്നിവർക്ക് ഓണററി ഡോക്ടറേറ്റ് ബിരുദം നൽകാൻ കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. ഇതിനായി ഗവർണർക്ക് ശുപാർശ നൽകും. കെ. രാധാകൃഷ്ണന് ഓണററി ഡിഎസ് സി ബിരുദവും മറ്റു മൂന്നു പേർക്കും ഓണററി ഡിലിറ്റ് ബിരുദവുമാണ്
നൽകുന്നത്. 32 പേർക്ക് പിഎച്ച്ഡി ബിരുദം നൽകാൻ തീരുമാനിച്ചു. 248 എയ്ഡഡ് കോളേജ് അധ്യാപകരുടെ സ്ഥാനക്കയറ്റവും നിയമനവും സിൻഡിക്കേറ്റ് അംഗീകരിച്ചു. യോഗത്തിൽ വിസി ഡോ.മോഹനൻ കുന്നുമ്മേൽ അദ്ധ്യക്ഷനായി.
സിൻഡിക്കേറ്റ് യോഗത്തിൽ
സി.പി.എം ബഹിഷ്കരണം
തിരുവനന്തപുരം: അക്കാഡമിക് സ്റ്റാഫ് കോളേജിൻറെ ഡയറക്ടറായി കേരള സർവകലാശാല തമിഴ് വിഭാഗം പ്രൊഫസർ ഡോ. ടി വിജയലക്ഷ്മിയെ നിയമിക്കുവാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് സി.പി.എം സിൻഡിക്കേറ്റ് അംഗങ്ങൾ ഇറങ്ങിപ്പോയി. നിലവിലെ ഡയറക്ടറായ ഡോ. ജോസ് കുട്ടിക്ക് പകരമായാണ് ഡോ. വിജയലക്ഷ്മിയെ നിയമിച്ചത്. അജൻഡയിൽ ഇല്ലാതെ വിഷയം ഉന്നയിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.എം അംഗങ്ങൾ ഇറങ്ങിപ്പോയത്.
സംസ്കൃതത്തിൽ വിപിൻ വിജയൻ എന്ന ഗവേഷക വിദ്യാർത്ഥിക്ക്
പി. എച്ച് ഡി നൽകുന്നതിൽ ഡിപ്പാർട്ട്മെന്റ് മേധാവി, ഡീൻ എന്നിവർ വ്യത്യസ്ത റിപ്പോർട്ടുകൾ നൽകിയ സാഹചര്യത്തിൽ ഡീനിന്റെയും റിസേർച് ഗൈഡിന്റെയും ഗവേഷക വിദ്യാർത്ഥിയെയുടെയും വിശദീകരണങ്ങൾ നേരിട്ട് കേൾക്കുന്നതിന് സിൻഡിക്കേറ്റ് സ്ഥിരം സമിതിയെ ചുമതലപ്പെടുത്തി.
രജിസ്ട്രാർ, ഫിനാൻസ് ഓഫീസർ തസ്തികകളിലേക്ക് സ്ഥിര നിയമനം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നടത്തും.
എൽ.എൽ.ബി മൂല്യനിർണയം:
അദ്ധ്യാപകർക്കെതിരെ നടപടി
എൽ.എൽ.ബി പരീക്ഷയുടെ മൂല്യനിർണയത്തിൽ വീഴ്ച വരുത്തിയ അദ്ധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കും. പരീക്ഷകൾക്ക് തൊട്ടുമുൻപ് ചോദ്യപേപ്പറുകൾ കോളേജിലേക്ക് ഓൺലൈനായി അയയ്ക്കും. മൂല്യനിർണ്ണയം കേന്ദ്രീകൃത ക്യാമ്പുകളിൽ നടത്തും. 2026 അഡ്മിഷൻ മുതൽ
പി.ജി പരീക്ഷകൾക്ക് സമാനമായി ഇരട്ട മൂല്യ നിർണയം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |