SignIn
Kerala Kaumudi Online
Sunday, 26 July 2026 3.48 AM IST

ഭായിമാർക്കിടയിൽ രോഗം പടർന്നു പിടിക്കുന്നു ,​ പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യവകുപ്പ്

health-survey
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ

കട്ടപ്പന : ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ മലേറിയ രോഗബാധ പടർന്നുപിടിക്കുന്നത് കടുത്ത ആശങ്കയുയർത്തുന്നു. ഈ വർഷം മാത്രം ജില്ലയിൽ 277 പേർക്കാണ് മലേറിയ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കാഞ്ചിയാറിൽ മരിച്ച ജാർഖണ്ഡ് സ്വദേശിനിയായ യുവതിയുടെ ഭർത്താവിന് മലേറിയ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.


മരണപ്പെട്ട യുവതിക്കും മലേറിയ ബാധിച്ചിരുന്നോ എന്നത് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ വ്യക്തമാകു. അതേസമയം, രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ കൃത്യമായ ചികിത്സ തേടാതെ ആശുപത്രിയിൽനിന്ന് മുങ്ങിയത് ആരോഗ്യപ്രവർത്തകരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതിഥി തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന മേഖലകളിലാണ് രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് ജില്ലയിലെ ഏലത്തോട്ടങ്ങളിൽ ജോലിക്കായി എത്തുന്ന തൊഴിലാളികളുടെ കൃത്യമായ വിവരങ്ങൾ ആരോഗ്യവകുപ്പിന്റെ പക്കലില്ലാത്തത് രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടിയാകുന്നുണ്ട്. തൊഴിലാളികളുടെ കൃത്യമായ കണക്കില്ലാത്തതിനാൽ യഥാസമയം രോഗപരിശോധന നടത്താനോ ചികിത്സ ഉറപ്പാക്കാനോ അധികൃതർക്ക് കഴിയുന്നില്ല.

മലേറിയയ്ക്ക് പുറമേ മന്ത് പോലുള്ള മറ്റ് പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികൾ എത്തുമ്പോൾ തന്നെ അതിർത്തികളിലോ ജോലിസ്ഥലങ്ങളിലോ കൃത്യമായ ആരോഗ്യപരിശോധന ഉറപ്പാക്കിയില്ലെങ്കിൽ ജില്ലയിൽ വലിയ രീതിയിലുള്ള പകർച്ചവ്യാധി പടർന്നുപിടിക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. രോഗ വ്യാപനം തടയുന്നതിനായി തോട്ടം ഉടമകളും തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യവകുപ്പുമായി സഹകരിച്ച് തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാനും ക്യാമ്പുകൾ സംഘടിപ്പിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIFESTYLE, KERALA, IMMIGRANTS, MALARIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA