മുംബയ്: കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസിൽ പാലാ എംഎൽഎ മാണി സി കാപ്പന് ഒരു വർഷം തടവും 1.20 കോടി രൂപ പിഴയും. മുംബയ് ബോറിവലി മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. ഒരു മാസത്തിനകം പണം നൽകണമെന്നാണ് കോടതി വിധിയിൽ പറയുന്നത്. ഇല്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. മുംബയ് വ്യവസായി ദിനേശ് മേനോൻ നൽകിയ പരാതിയിലാണ് കോടതി നടപടി. തടവ് ശിക്ഷ ഒരു വർഷമായതിനാൽ എംഎൽഎ സ്ഥാനത്തിന് ഭീഷണിയില്ല.
2015 മുതൽ നടക്കുന്ന നിയമവ്യവഹാരത്തിനൊടുവിലാണ് കോടതി വിധി. ഓഹരി നൽകാമെന്ന് പറഞ്ഞ് മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി. എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതിയിലെത്തിയെങ്കിലും നടപടി ക്രമങ്ങൾ മുന്നോട്ടുപോയില്ല. തുടർന്ന് മുംബയ് വ്യവസായി ദിനേശ് മേനോൻ ബോറിവലി കോടതിയെ സമീപിക്കുകയായിരുന്നു. വഞ്ചന, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസെടുത്തത്. വഞ്ചനക്കേസ് റദ്ദാക്കണമെന്ന് എംഎൽഎ സുപ്രീകോടതിയിൽ നേരത്തെ സമർപ്പിച്ച ഹർജി തള്ളിയിരുന്നു.
ശിക്ഷാവിധിക്കെതിരെ അപ്പീൽ പോകുമെന്ന് മാണി സി കാപ്പൻ ഒരു മാദ്ധ്യമത്തോട് വ്യക്തമാക്കി. തന്റെ ഭാഗം കേൾക്കാതെയാണ് വിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ഹാജരാകാതെ എങ്ങനെ വിധി പറയുമെന്നും മാണി സി കാപ്പൻ ചോദിച്ചു.
Pala MLA Mani C Kappan has been sentenced to one year in prison and fined ₹1.20 crore in connection with a financial fraud case involving shares of Kannur International Airport. The verdict was delivered by the Borivali Magistrate Court in Mumbai.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |