SignIn
Kerala Kaumudi Online
Saturday, 26 September 2026 3.13 AM IST

കഴുത്തിൽ വടം കുടുങ്ങി യുവാവ് മരിച്ച സംഭവം; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

READ ENGLISH VERSION
allegations-

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയ്ക്കായി റോ‌ഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. സ്കൂട്ടർ യാത്രികനായ മനോജ് ഉണ്ണി മരിച്ചത് പൊലീസിന്റെ അനാസ്ഥ മൂലമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. പൊലീസ് വടം കെട്ടിയിരുന്നത് യാത്രികർക്ക് കാണുംവിധമായിരുന്നില്ലെന്ന് മരിച്ച യുവാവിന്റെ സഹോദരി ചിപ്പി ആരോപിച്ചു.

വാഹനങ്ങൾ കടന്നുപോകാതിരിക്കാൻ റോഡിൽ കെട്ടിയ വടത്തിന്റെ മദ്ധ്യ ഭാഗത്തായിരുന്നില്ല പൊലീസ് നിന്നിരുന്നതെന്നും റോഡിന്റെ വശങ്ങളിലായാണ് പൊലീസ് നിന്നതെന്നും ചിപ്പി പറഞ്ഞു. റോഡിൽ വെളിച്ചക്കുറവുണ്ടായിരുന്നു. സഹോദരൻ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നത് തെറ്റാണ്. ഡോക്ടറടക്കമുളളവ‌ർ പറഞ്ഞത് സഹോദരന്റെ രക്തത്തിൽ മദ്യത്തിന്റെ സാന്നിദ്ധ്യമില്ലെന്നാണെന്നും ചിപ്പി പറഞ്ഞു. മന്ത്രിമാരുടെ സുരക്ഷയ്ക്കായി എന്തുവേണമെങ്കിലും ഒരുക്കിക്കോട്ടെ, അതോടൊപ്പം ജനങ്ങളുടെ സുരക്ഷയും കൂടി പരിഗണിക്കണമെന്നും യുവതി പ്രതികരിച്ചു. റോഡിന് കുറുകെ വടം കെട്ടുമ്പോൾ സാധാരണയായി വേണ്ട മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. എന്നാൽ അപകടമുണ്ടായിടത്ത് ബാരിക്കേഡുകൾ പോലുളള ക്രമീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. മനോജ് ഉണ്ണിക്ക് ലൈസൻസ് ഇല്ലെന്നും അന്വേഷണത്തിൽ യുവാവ് മദ്യപിച്ചിരുന്നതായും പൊലീസ് വ്യകതമാക്കിയിട്ടുണ്ട്. കൂട്ടുകാർക്കൊപ്പം മനോജ് ഉണ്ണി മദ്യപിക്കവേ അമ്മ വിളിച്ചപ്പോൾ വീട്ടിലേക്ക് പോയതാണെന്നും പൊലീസ് പറഞ്ഞു.

റോഡിൽ തലയടിച്ച് വീണ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എസ്എ റോഡിൽ നിന്ന് എം ജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് വടം കെട്ടിയിരുന്നത്. തങ്ങൾ കൈ കാണിച്ചിട്ടും മനോജ് നിർത്താതെ മുന്നോട്ട് പോയപ്പോഴാണ് അപകടത്തിൽപ്പെട്ടതെന്നാണ് പൊലീസ് പറഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOCHI, MAN, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA