
# ആചാരം, ജ്യോതിഷം തുടരാം
# ലൈംഗികചൂഷണത്തിന്
10 വർഷം തടവറ
# നിയമം ഉടൻ
തിരുവനന്തപുരം: ദുർമന്ത്രവാദവും ആഭിചാര ക്രിയകളും നിരാേധിക്കുന്ന നിയമം അടുത്ത നിയമസഭാ സമ്മേളനത്തിൽ പാസാക്കും. ജ്യോതിഷം, ക്ഷേത്രാചാരങ്ങൾ, പൂജകൾ അടക്കം ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങളുണ്ടാക്കാത്തവയെല്ലാം
അനുവദിക്കും.
22 തരം ആഭിചാരങ്ങളെയും അനാചാരങ്ങളെയും
മൂന്നു വിഭാഗങ്ങളായി തിരിച്ചു.
ഒന്നാം പട്ടികയിലെ നരബലിയും മരണത്തിന് കാരണമാവുന്ന പൈശാചിക പ്രവൃത്തികൾക്കും ജീവപര്യന്തമാണ് ശിക്ഷ.പിഴയും കിട്ടാം. ജീവഹാനിയുണ്ടായാൽ
ദേശീയ ക്രിമിനൽ നിയമമായ
ബി.എൻ.എസ് പ്രകാരമുള്ള വധശിക്ഷ വിധിക്കുന്നതിന് ഈ നിയമം തടസ്സമാവില്ല.
ലൈംഗികചൂഷണം, ശാരീരിക ഉപദ്രവം, ജീവന്ഭീഷണിയുണ്ടാക്കൽ അടക്കം 8 അനാചാരമുള്ള രണ്ടാംവിഭാഗത്തിൽ 10 വർഷം തടവും പിഴയുമാണ്. സാമ്പത്തികചൂഷണമടക്കമുള്ള 12 ഇനങ്ങളുള്ള മൂന്നാംവിഭാഗത്തിൽ അഞ്ചുവർഷം തടവാണ് ശിക്ഷ.
ജില്ലകളിൽ എസ്.പിമാരുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി തലവനായി പ്രത്യേക അന്വേഷണ സംഘമുണ്ടാക്കും. മേൽനോട്ടത്തിന് ക്രമസമാധാന എ.ഡി.ജി.പി, പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ, നിയമവകുപ്പ് പ്രതിനിധി എന്നിവരടങ്ങിയ സമിതിയുമുണ്ട്. കേസുകൾ ഈ നിയമത്തിൽനിന്നൊഴിവാക്കാനോ കൂട്ടിച്ചേർക്കാനോ സമിതിക്ക് ശുപാർശ ചെയ്യാം. മതപരമായ ആചാരമാണെന്ന് കണ്ടെത്തിയാൽ കേസൊഴിവാക്കാൻ സർക്കാരിനും അധികാരമുണ്ടാവും. നിയമപരിഷ്കരണ കമ്മിഷൻ ഉപാദ്ധ്യക്ഷൻ കെ.ശശിധരൻനായർ, മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് എന്നിവരടങ്ങിയ വിദഗ്ദ്ധസമിതിയാണ് കരടുബില്ലുണ്ടാക്കിയത്.
സ്ത്രീകളെ ഇരയാക്കാൻ
അനുവദിക്കില്ല
# അംഗഭംഗം വരുത്തൽ, ആത്മീയസൗഖ്യമെന്ന വ്യാജേന ലൈംഗികപീഡനം, പൂജകളുടെ പേരിലുള്ള ലൈംഗികചൂഷണം, ദുർമന്ത്രവാദത്തിനായി മനുഷ്യക്കടത്ത്, ശരീരത്തിൽ മുറിവുകളും പൊള്ളലുമുണ്ടാക്കൽ, ചികിത്സ നിഷേധിക്കൽ എന്നിവയെല്ലാം കുറ്റകരമാണ്.
# മൃതദേഹാവശിഷ്ടങ്ങളുപയോഗിച്ച് ദുർമന്ത്രവാദം, വിഷം നൽകുക, ശരീരത്തിൽ തുളച്ചുകയറ്റുക, സ്ത്രീകളെ അപമാനിക്കുക എന്നിവയ്ക്ക് 10 വർഷം തടവുകിട്ടാം.
വ്യാജചികിത്സ, മരിച്ചവരെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങൾ, പണവും സ്വത്തും തട്ടിയെടുക്കൽ, ദിവ്യവസ്തുക്കളെന്ന പേരിലുള്ള വ്യാജവിൽപ്പന എന്നിവയ്ക്ക് 5 വർഷമാണ് തടവ്.
ഒരിക്കൽ പിന്മാറിയത്
വിശ്വാസത്തെ ഭയന്ന്
2019 ഒക്ടോബറിൽ ജസ്റ്റിസ് കെ.ടി.തോമസ് അദ്ധ്യക്ഷനായ നിയമപരിഷ്കാര കമ്മിഷൻ കൈമാറിയ കരടുബിൽ സർക്കാർ 2023 ജൂലായിൽ പിൻവലിച്ചിരുന്നു. വിശ്വാസവും അന്ധവിശ്വാസവും വേർതിരിക്കുക ശ്രമകരം എന്നായിരുന്നു വാദം. ഇതിനെതിരെ യുക്തിവാദിസംഘം ഹൈക്കോടതിയെ സമീപിച്ചതാണ് നിയമത്തിന് വഴിയൊരുക്കിയത്.
''മതവിശ്വാസങ്ങളെ വ്രണപ്പെടുത്താതെ ദുരാചാരങ്ങളെ ഉന്മൂലനം ചെയ്യാനാണ് നിയമം. ''
-ജേക്കബ് പുന്നൂസ്,
മുൻ പൊലീസ്‌മേധാവി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |