SignIn
Kerala Kaumudi Online
Saturday, 26 September 2026 2.50 AM IST

പുന:സംഘടനയ്ക്ക് അനുമതി നൽകി ഉത്തരവിറങ്ങി കിഫ്ബിക്ക് പിന്നാലെ കെ.ഡിസ്കും പൂട്ടാൻ സർക്കാർ

kifbi

തിരുവനന്തപുരം:പ്രയോജനം കുറവും സാമ്പത്തികചെലവ് കൂടുതലുമാണെന്ന് വിലയിരുത്തി മുൻസർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ കെ.ഡിസ്ക്, കിഫ്ബിക്ക് പിന്നാലെ പൂട്ടാനൊരുങ്ങി യു.ഡി.എഫ്.സർക്കാർ.

കെ.ഡിസ്ക് പുന:സംഘടനയും പരിഷ്ക്കരണവും ഉൾപ്പെടുത്തിയുള്ള നിർദ്ദേശത്തിന് അംഗീകാരം നൽകി പ്ളാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പ് ഇന്നലെ ഉത്തരവ് പുറത്തിറക്കി.

കെ.ഡിസ്‌കിന്റെ ഘടനയിലും ഭാരവാഹികളിലും വലിയ അഴിച്ചുപണി നടത്താനാണ് ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ ഭാരവാഹികളെ നിയോഗിക്കുകയോ,പ്രവർത്തനം അവസാനിപ്പിക്കുകയോ ചെയ്യുമെന്നാണ് അറിയുന്നത്. മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിപ്പിച്ച നടപ്പ് ബഡ്ജറ്റിൽ കെ.ഡിസ്കിന് ഒരു രൂപപോലും വകയിരുത്തിയിട്ടില്ല.

കോൺഗ്രസിൽ നിന്ന് പുറത്തുപോയ ഡോ.പി.സരിൻ, മുൻധനമന്ത്രിയും സി.പി.എം.കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ.ടി.എം.തോമസ് ഐസക് എന്നിവർക്ക് നിർണ്ണായകപദവികൾ നൽകിയ സ്ഥാപനമാണ് കെ.ഡിസ്ക്.

സാമ്പത്തികപ്രതിസന്ധി

അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികൾക്കായുളള 'കേരള നോളജ് ഇക്കോണമി മിഷൻ, വിദ്യാർത്ഥികൾക്കായുള്ള 'യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം,ഭിന്നശേഷിക്കാർക്കായുള്ള 'സ്‌ട്രൈഡ് തുടങ്ങിയ പദ്ധതികളാണ് കെ.ഡിസ്കിനുള്ളത്. സാമ്പത്തികപ്രതിസന്ധി മൂലം ഇതൊന്നും പ്രവർത്തിക്കുന്നില്ല. യു.ഡി.എഫ്.സർക്കാർ കെ.ഡിസ്കിന് പുതിയ പദ്ധതികളുടെ ചുമതല നൽകിയിട്ടുമില്ല. കുടുംബശ്രീയുമായുള്ള സഹകരണവും അവസാനിപ്പിച്ചു.

ആഗോളകമ്പനികളുമായുള്ള സമ്പർക്കം, നൈപുണ്യപരിശീലനങ്ങളുടെ ഏകോപനം, ഉന്നതവിദ്യാഭ്യാസ പുനഃസംഘടനയ്ക്കുള്ള പിന്തുണ, നവസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ വൻലക്ഷ്യങ്ങളുമായാണ് കെ.ഡിസ്ക് (കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ) തുടങ്ങിയത്. സാമ്പത്തികചെലവിന് പുറമേ, രാഷ്ട്രീയ നിയമനങ്ങൾക്കായി തുടങ്ങിയ സ്ഥാപനമെന്ന ആക്ഷേപവുമുയർന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIFB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA