SignIn
Kerala Kaumudi Online
Saturday, 26 September 2026 2.50 AM IST

സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റികൾക്ക് ഇന്ന് തുടക്കം  

aa

തിരുവനന്തപുരം: സംഘടനാ പ്രശ്നങ്ങൾ നിലനിൽക്കുന്ന ജില്ലകളിലെ നേതൃ നിരയിൽ അഴിച്ചുപണിയും തിരുത്തലും ലക്ഷ്യമിട്ട് സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റികൾക്ക് ഇന്ന് തുടക്കം. എല്ലാ ജില്ലകളിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് സംസ്ഥാന നേതൃത്വം കർശന നിർദ്ദേശം നൽകി. ആലപ്പുഴ ജില്ലയിലാണ് ആദ്യ വിപുലീകൃത ജില്ലാ കമ്മിറ്റി ചേരുന്നത്.

സംഘടനാ ദൗർബല്യമുള്ള ജില്ലകളിൽ ഒന്നായാണ് ആലപ്പുഴയെ തിരഞ്ഞെടുപ്പ് അവലോന റിപ്പോർട്ടിൽ കണക്കാക്കിയിട്ടുള്ളത്. മുതിർന്ന നേതാവായിരുന്ന ജി.സുധാകരൻ പാർട്ടി

വിടാനിടയായ സാഹചര്യം യോഗം ചർച്ച ചെയ്യും. കായംകുളം, കുട്ടനാട് എന്നിവിടങ്ങളിലെ സംഘടനാ പ്രശ്നങ്ങളും വിഷയമാകും. കടുത്ത ചേരി തിരിവും വിഭാഗീയതയുമാണ് ഈ പ്രദേശങ്ങളിൽ നിലനിൽക്കുന്നത്. ജില്ലാ നേതൃത്വത്തിനെതിരായ പരാതികളും പരിശോധിക്കും. നേതൃത്വത്തിന്റെ പ്രവർത്തന ശൈലിക്കെതിരെ ശക്തമായ പ്രതിഷേധം പ്രവർത്തകർക്കിടയിലുണ്ട്.നേതൃത്വം രണ്ടു വിഭാഗമായി മാറിയെന്നാണ് വിലയിരുത്തുന്നത്. ജാഗ്രതയോടെ പ്രശ്നങ്ങളെ നേരിടുന്നതിൽ നേതൃത്വത്തിന് വീഴ്ചയുണ്ടായി. അനാവശ്യമായ പ്രതികരണങ്ങൾ നേതൃത്വം ഒഴിവാക്കേണ്ടതായിരുന്നു.

നേതൃത്വത്തിലേക്ക് യുവാക്കളേയും വനിതകളേയും എത്തിക്കുന്ന തരത്തിൽ ജില്ലാ തലത്തിൽ പുന:സംഘടനയുണ്ടായേക്കും. ജില്ലാ സമ്മേളനത്തിൽ തഴഞ്ഞ പല നേതാക്കളെയും പരിഗണിക്കണമെന്ന നിർദ്ദേശം ഉയരും. ഒരു ഏരിയാ കമ്മിറ്റിയിൽ നിന്ന് സെക്രട്ടറിക്ക് പുറമെ മൂന്ന് അംഗങ്ങളെ പങ്കെടുപ്പിക്കണമെന്നാണ് നിർദ്ദേശം. ഇതിൽ ഒരാൾ വനിതയായിരിക്കണം. സ്ഥാനാർത്ഥി നിർണയത്തിലെ വീഴ്ചകൾ, വ്യക്തിപരമായ ചുമതല നിർവഹിക്കുന്നതിലെ പാളിച്ച, ചേരി തിരിവ് എന്നിവയുണ്ടായ ജില്ലകളിലാണ് അഴിച്ചു പണിക്ക് ഒരുങ്ങുന്നത്.ജില്ലാ സെക്രട്ടേറിയറ്റിലും കമ്മിറ്റികളിലും പുനഃസംഘടനയുണ്ടാകും. കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലും സംഘടനാ പ്രശ്നങ്ങൾ നിലനിൽക്കുന്നതായി സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA