SignIn
Kerala Kaumudi Online
Monday, 24 August 2026 1.45 AM IST

മകളുടെ ജാതി മാറിയുള്ള വിവാഹം,​ അച്ഛന്റെ ഉപകർമ്മി സ്ഥാനം പോയി

READ ENGLISH VERSION
rajan

കരിവെള്ളൂർ (കണ്ണൂർ): പുരോഗമന പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമായ കരിവെള്ളൂരിൽ മകൾ ഇതര ജാതിക്കാരനെ വിവാഹം ചെയ്തതിന്റെ പേരിൽ ഉപകർമ്മിക്ക് ജോലി നഷ്ടമായെന്ന് ആക്ഷേപം. മുച്ചിലോട്ടുകാവ് ഭരണസമിതിയാണ് ഉപകർമ്മി സി.വി.രാജനെ പുറത്താക്കിയത്. പതിനേഴ് വർഷം ക്ഷേത്രച്ചടങ്ങുകൾക്കൊപ്പം ജീവിച്ച തന്റെ ജോലി തെറിക്കാനുള്ള കാരണം, മകൾ ജാതി മാറി വിവാഹം കഴിച്ചതാണെന്ന് രാജൻ പറയുമ്പോൾ, അച്ചടക്കലംഘനമാണെന്നാണ് ഭരണസമിതിയുടെ വിശദീകരണം.

തർക്കം മനുഷ്യാവകാശ കമ്മിഷനിലും മലബാർ ദേവസ്വം ബോർഡിലും എത്തിനിൽക്കുന്നു. ക്ഷേത്രക്കമ്മിറ്റി അംഗങ്ങളോട് അപമര്യാദയായി പെരുമാറി, അച്ചടക്കലംഘനം നടത്തിയെന്നാണ് ട്രസ്റ്റിന്റെ വിശദീകരണം. രാജന് അയച്ച കത്തിലും ഇതേ നിലപാടാണ് ട്രസ്റ്റ് സൂചിപ്പിക്കുന്നത്. നൂറ്റാണ്ടുകളായി പൂർവികർ ചിട്ടപ്പെടുത്തിയ ആചാരസമ്പ്രദായം ലംഘിച്ചെന്നും കൃത്യനിഷ്ഠ പാലിക്കാതെ ആചാരക്കാരോടും ഭക്തജനങ്ങളോടും മോശമായി പെരുമാറിയെന്നും ചൂണ്ടിക്കാട്ടി, പൂരോത്സവകാലത്ത് ഏപ്രിൽ ഒന്നു വരെ ജോലിയിൽ നിന്ന് മാറ്റിനിറുത്തിയിരുന്നതായി കത്തിൽ പറയുന്നു. മറുപടി തൃപ്തികരമല്ലാത്തതിനാൽ, അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തതായും വിശദമായ കുറ്റാരോപണ പത്രിക പിന്നീട് നൽകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. മലബാർ ദേവസ്വം ബോർഡിന് രാജൻ നൽകിയ പരാതിയിൽ വിചാരണ നടക്കുകയാണ്. ജീവനക്കാരനെ മാറ്റുന്നതിലെ നടപടിക്രമം കൃത്യമായി പാലിച്ചിട്ടുണ്ടോയെന്ന് ബോർഡ് പരിശോധിക്കും. മകളുടെ ജാതി മാറി വിവാഹമാണ് നടപടിക്ക് കാരണമെന്ന് അംഗീകരിക്കാൻ ബോർഡിന് കഴിയില്ലെന്നാണ് സൂചന.


''വിവാഹത്തിന്റെ പേരിൽ
എങ്ങനെ പുറത്താക്കും''

വാണിയ സമുദായാംഗമായ രാജന്റെ മകൾ കഴിഞ്ഞ മാർച്ച് 15നാണ് വിവാഹിതയായത്. അതിനുമുമ്പ് നിശ്ചയമുൾപ്പെടെ നടന്നു. പൊതുവാൾ എന്നറിയപ്പെടുന്ന മുന്നാക്ക വിഭാഗത്തിൽപെട്ട ആളാണ് വരൻ. സമുദായത്തിന്റെ ചിട്ടകൾ പാലിക്കുന്നവർക്കേ പൂജാകർമ്മങ്ങൾക്കും ചടങ്ങുകൾക്കും അർഹതയുള്ളൂ എന്നാണ് ക്ഷേത്ര നിലപാട്. തന്റെ പെരുമാറ്റത്തിൽ എന്തെങ്കിലും തകരാറുണ്ടെങ്കിൽ അതിന് തെളിവ് ഹാജരാക്കിയാൽ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് രാജൻ പറയുന്നു. 'മകൾ ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരിൽ എങ്ങനെയാണ് അച്ഛനെ പുറത്താക്കുക' എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ഇത് പൊതുസമൂഹം ചർച്ച ചെയ്യുമെന്ന് കണ്ടാണ് മറ്റ് ആരോപണമെന്നും രാജൻ പറഞ്ഞു. വി.കുഞ്ഞിക്കൃഷ്ണൻ എം.എൽ.എയ്ക്ക് അയച്ച പരാതിയിലും രാജൻ ഇക്കാര്യം ആവർത്തിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MARRIAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA