
കോട്ടയം: വിപ്ലവ ഗായികയും സ്വാതന്ത്ര സമരസേനാനിയുമായ പി.കെ. മേദിനിക്ക് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. മറ്റുള്ളവരിൽ വിപ്ലാവാവേശം നിറച്ച 95കാരിയായ മേദിനിയ്‌ക്ക് ജീവിത സായാഹ്നത്തിലും സ്വന്തം വീടില്ലായിരുന്നു. ഇതേത്തുടർന്നാണ് വൈക്കം തോട്ടകത്ത് 'റെഡ് സല്യൂട്ട്" എന്ന പേരിൽ സി.പി.ഐ വീടു നിർമ്മിച്ചത്. വീടിന്റെ താക്കോൽ ദാനം 27ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവഹിക്കും.
സി.പി.ഐ സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം മേദിനിയുടെ പേരിൽ അഞ്ചരസെന്റ് സ്ഥലം വാങ്ങിയിരുന്നു. ഇവിടെയാണ് 600 ചതുരശ്ര അടിവീടു നിർമ്മിച്ചത്. മേദിനിയുടെ താത്പര്യമനുസരിച്ചാണ് വീട് നിർമ്മാണത്തിന് പി. കൃഷ്ണപിള്ളയുടെ ജന്മനാടായ വൈക്കം തിരഞ്ഞെടുത്തത്. 11-ാം വയസിൽ വൈക്കം ടി.വി പുരത്തെ പാർട്ടി സമ്മേളനത്തിലാണ് ആദ്യമായി മൈക്കിലൂടെ മേദിനി പാടുന്നത്. തുടർന്ന് പാർട്ടി പരിപാടികളിലെല്ലാം മേദിനി പാടണമെന്ന ആവശ്യമുണ്ടായി. 'ഉച്ചഭാഷിണിയും മേദിനിയുടെ പാട്ടും ഉണ്ടായിരിക്കുമെന്ന്" പാർട്ടി പരിപാടി നോട്ടീസിൽ പ്രത്യേകം അച്ചടിച്ചിരുന്നു. മുപ്പതിതിനായിരത്തിലേറെ വേദികളിൽ പാടി.
'മനസു നന്നാവട്ടെ മതമേതെങ്കിലുമാകട്ടെ"
'റെഡ് സല്യൂട്ട് റെഡ് സല്യൂട്ട് രക്ത സാക്ഷി ഗ്രാമങ്ങളേ പുന്നപ്ര വയലാർ ഗ്രാമങ്ങളേ", 'മനസു നന്നാവട്ടെ മതമേതെങ്കിലുമാകട്ടെ എന്നീ ഹിറ്റ് പാട്ടുകൾ ഇപ്പോഴും മേദിനി പങ്കെടുക്കുന്ന യോഗങ്ങളിൽ പാടാൻ ആസ്വാദകർ ആവശ്യപ്പെടാറുണ്ട്. 2003ൽ 'വസന്തത്തിന്റെ കനൽവഴികൾ" എന്ന സിനിമാ പിന്നണി ഗായികയുമായി. ഭർത്താവ് ശങ്കുണ്ണി ചെറുപ്പത്തിലേ മരിച്ചു. ഇതോടെ രണ്ടു പെൺ മക്കളെ വളർത്തേണ്ട ചുമതല മേദിനിയുടെ ചുമലിലായി. ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച നാളുകളിൽ പാർട്ടിയാണ് ജീവിതത്തിലേക്കു നയിച്ചത്. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഇപ്റ്റ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 2024ൽ വനിതാ രത്ന പുരസ്കാരം നൽകി സംസ്ഥാന സർക്കാർ ആദരിച്ചു. ആലപ്പുഴ മണ്ണഞ്ചേരിയിലെ വാടക വീട്ടിലാണ് ഇപ്പോൾ താമസം. സ്മൃതി, ഹൻസ എന്നിവരാണ് മക്കൾ. ഹൻസയ്ക്കൊപ്പമാകും 'റെഡ് സല്യൂട്ടിലെ" താമസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |