SignIn
Kerala Kaumudi Online
Sunday, 21 June 2026 2.37 AM IST

മുല്ലപ്പെ‌രിയാർ പുതിയ ഡാം തടയാൻ വിജയ് സർക്കാരും

READ ENGLISH VERSION
mullapperiar

ഇടുക്കി: തമിഴ് നാട്ടിൽ അധികാരമേറ്റ വിജയ് സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചത് കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളെ വീണ്ടും ആശങ്കയിലാഴ്ത്തി. പുതിയ തമിഴ്നാട് സർക്കാരുമായി ചർച്ച ചെയ്ത് സമവായത്തിലെത്താമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചതിന്റെ തൊട്ടുപിന്നാലെയാണ് വിജയ് സർക്കാർ കടുത്ത നിലപാട് വ്യക്തമാക്കിയത്. മുൻ സർക്കാരുകളുടെ അതേ കടുംപിടിത്തം തുടരുകയാണ് ടി.വി.കെ സർക്കാർ. 2014ലെ സുപ്രീംകോടതി ഉത്തരവ് ഉയർത്തിക്കാട്ടി ജലനിരപ്പ് 152 അടിയായി ഉയർത്തുകയാണ് ലക്ഷ്യം. മുല്ലപ്പെരിയാർ ജലമുപയോഗിച്ച് കൃഷി ചെയ്യുന്ന മധുര, രാമനാഥപുരം, തേനി, ദിണ്ഡുക്കൽ, ശിവഗംഗ തുടങ്ങിയ തെക്കൻ ജില്ലകളിലെ 29 നിയമസഭാ മണ്ഡലങ്ങളിൽ 16 ഇടത്തും വൻ വിജയം നേടിയത് ടി.വി.കെയാണ്. പ്രാദേശിക വികാരത്തെയും വോട്ട് ബാങ്കിനെയും തൃപ്തിപ്പെടുത്താനാണ് വിജയ് ശ്രമിക്കുന്നത്.

ആയുസ് 50 വർഷം,

വയസ് 130 കഴിഞ്ഞു

ബ്രിട്ടീഷ് ഭരണകാലത്ത് 1895ൽ കേവലം 50 വർഷത്തെ ആയുസ് പ്രവചിച്ച് നിർമ്മിച്ച മുല്ലപ്പെരിയാർ അണക്കെട്ടിന് ഇപ്പോൾ 130 വയസ് പിന്നിട്ടു. ബലക്ഷയം സംഭവിച്ച അണക്കെട്ടിന് പകരം സുരക്ഷിതമായ പുതിയൊരു അണക്കെട്ട് നിർമ്മിച്ച് തമിഴ്നാടിന് ആവശ്യമായ വെള്ളം നൽകാമെന്നാണ് കേരളത്തിന്റെ ഔദ്യോഗിക നിലപാട്.

കേന്ദ്ര ഇടപെടൽ

അത്യാവശ്യം

2022ലെ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടർന്ന് മുല്ലപ്പെരിയാർ വിഷയം നിലവിൽ കേന്ദ്ര സർക്കാരിന് കീഴിലുള്ള നാഷണൽ ഡാം സേഫ്റ്റി അതോറിട്ടിയുടെ (എൻ.ഡി.എസ്.എ) പരിധിയിലാണ്. മേൽനോട്ട സമിതിയുടെ അധികാരങ്ങൾ എൻ.ഡി.എസ്.എയിലാണ്. മുൻ ചെയർമാൻ അനിൽ ജെയിന്റെ നേതൃത്വത്തിൽ ഡാമിൽ ആദ്യഘട്ട സന്ദർശനം പൂർത്തിയാക്കിയതാണ്. ബലക്ഷയം പരിശോധിക്കാൻ റോബോട്ടിക് പരിശോധനയും പൂർത്തിയാക്കിയിരുന്നു. ഇതിന്റെ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.അടുത്ത ഘട്ടം നിഷ്പക്ഷ വിദഗ്ദ്ധ സമിതിയുടെ പഠന സന്ദർശനമാണ്. പുതിയ ചെയർമാനായി റീഡിംഗ് ഷിമറി ചുമതലയേറ്റതും ഇരുസംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പുകൾ ഒരേസമയം നടന്നതുമാണ് സന്ദർശനം വൈകാൻ കാരണം.

'വിദഗ്ദ്ധ സമിതിയുടെ സുരക്ഷാ പരിശോധന കഴിയാതെ പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്നാട് പറയുന്നത് അപക്വവും നിരുത്തരവാദപരവുമാണ്. കേരളം ഭയപ്പെടുന്ന മഹാദുരന്തം ഒഴിവാക്കാൻ തമിഴ്നാട് പിടിവാശി ഉപേക്ഷിക്കണം"

-ഡീൻ കുര്യാക്കോസ് എം.പി


തമിഴ്നാടിന്റെ നിലപാട് തീരദേശവാസികളോടുള്ള വെല്ലുവിളിയാണ്. തമിഴ്നാട്, കേരള മുഖ്യമന്ത്രിമാരെ നേരിൽക്കണ്ട് കാര്യങ്ങൾ അവതരിപ്പിക്കും.

-മുല്ലപ്പെരിയാർ സമരസമിതി കൺവീനർ ഷാജി പി. ജോസഫ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MULLAPERIYAR ISSUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA