
ന്യൂഡൽഹി: 11,12 ക്ലാസുകളിലെ എൻ.സി.ഇ.ആർ.ടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചപ്പോൾ, 20 അംഗങ്ങളിൽ നാലുപേർ ആർ.എസ്.എസ് അനുഭാവികൾ. രാഷ്ട്രീയ മീമാംസ പാഠപുസ്തകങ്ങൾ തയ്യാറാക്കുന്ന സമിതിയിലാണ് ഇവർ കടന്നുകൂടിയത്. പാഠപുസ്തകങ്ങൾ കാവിവത്കരിക്കുന്നെന്ന ആക്ഷേപം ഇതോടെ ശക്തമായി.
ജെ.എൻ.യു പ്രൊഫസറും എ.ബി.വി.പി മുൻ ദേശീയ സെക്രട്ടറിയുമായ വന്ദന മിശ്ര, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സീനിയർ കൺസൾട്ടന്റും എ.ബി.വി.പിയിൽ സംഘടനാ ചുമതല വഹിച്ചിട്ടുള്ളയാളുമായ യദുനാഥ് ദേശ്‌പാണ്ഡെ, പുനെ ജ്ഞാന പ്രബോധിനിയിലെ പ്രശാന്ത് ദിവേക്കർ, ജെ.എൻ.യു അദ്ധ്യാപകനും ആർ.എസ്.എസ് പ്രസിദ്ധീകരണത്തിന്റെ മുൻ എഡിറ്ററുമായ രവി രമേശ്‌ചന്ദ്ര ശുക്ല എന്നിവരുടെ അംഗത്വമാണ് വിവാദമായത്. കർണാടക നിട്ടെ സർവകലാശാല വൈസ് പ്രസിഡന്റ് സന്ദീപ് ശാസ്ത്രിയാണ് സമിതി അദ്ധ്യക്ഷൻ.
ഓഗസ്റ്റ് 14നാണ് സമിതി പുനഃസംഘടിപ്പിച്ച് വിജ്ഞാപനമിറക്കിയത്. 11-ാം ക്ലാസിലെ പുതിയ പുസ്തകം നവംബർ 30നകവും 12-ാം ക്ലാസിലേത് 2027 ജൂലായ് 30-നകം പൂർത്തിയാക്കും. ദേശീയ വിദ്യാഭ്യാസ നയം, സ്‌കൂൾ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് എന്നിവയുടെ അടിസ്ഥാനത്തിലാണ് പുതിയ പുസ്തകങ്ങൾ തയ്യാറാക്കുന്നത്. ഇന്ത്യൻ സാംസ്‌കാരിക പാരമ്പര്യം, വിജ്ഞാന സമ്പ്രദായം എന്നിവയ്ക്ക് കൂടുതൽ ഇടം നൽകണമെന്ന് സമിതിക്ക് നിർദേശം നൽകിയിട്ടുണ്ട്.
സ്വതന്ത്ര അക്കാഡമിക് വിദഗ്ദ്ധരെ ഉൾപ്പെടുത്തി സമിതി പുനഃസംഘടിപ്പിക്കണം
-എൻ.എസ്.യു.ഐ
സംഘടനയുമായി ബന്ധമുണ്ടെന്നത് ഒരാളുടെ അക്കാഡമിക് യോഗ്യത ഇല്ലാതാക്കുന്നില്ല
- ആർ.എസ്.എസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |