SignIn
Kerala Kaumudi Online
Tuesday, 26 May 2026 1.54 AM IST

വീഴ്ചയുണ്ടായിട്ടും നീറ്റാക്കിയില്ല; നീറ്റ് യു.ജി ചോദ്യ ചോർച്ചയിൽ സുപ്രീംകോടതി

supreme-court


ശുപാർശകളിലെ നടപടി ഉടൻ അറിയിക്കണം
കേന്ദ്ര സർക്കാരിനും നോട്ടീസ് നൽകി

ന്യൂഡൽഹി: രണ്ടു വർഷം മുമ്പ് നീറ്റ് യു.ജി. ചോദ്യപേപ്പർ ചോർന്നിട്ടും പരീക്ഷാനടത്തിപ്പുക്കാരായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) ഒരു പാഠവും പഠിച്ചില്ലെന്ന് സുപ്രീം കോടതി. എൻ.ടി.എയ്‌ക്കും കേന്ദ്രസർക്കാരിനും നോട്ടീസ് നൽകാനും ഉത്തരവിട്ടു.

2024ലെ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന്

ഉന്നതാധികാര സമിതി കൈമാറിയ ശുപാർശകളിൽ ഏതെല്ലാം നടപ്പാക്കിയെന്ന് വെള്ളിയാഴ്ച എൻ.ടി.എ അറിയിക്കണം. റിപ്പോർട്ട് നടപ്പാക്കിയെന്ന് ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് സമിതിയുടെ അദ്ധ്യക്ഷനായിരുന്ന മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ. രാധാകൃഷ്‌ണൻ മൂന്നു ദിവസത്തിനുള്ളിൽ സത്യവാങ്മൂലം നൽകണം. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തണമെന്ന് സമിതി ശുപാർശ ചെയ്തിരുന്നു.

ഈ വർഷവും ചോദ്യപേപ്പർ ചോർന്നതിൽ തങ്ങൾ അതീവ ദുഃഖിതരാണെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ,അലോക് അരാധെ എന്നിവരടങ്ങിയ ബെ‌ഞ്ച് പറഞ്ഞു.

2024ൽ ചോദ്യചോർച്ച ഉണ്ടായപ്പോൾ, സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നാണ് കേന്ദ്രസർക്കാർ ഉന്നതാധികാര സമതി രൂപീകരിച്ചത്. മേൽനോട്ടസമിതിയും നിലവിലുണ്ട്. അദ്ധ്യാപകർ തന്നെ ചോർത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ല.

പുനഃപരീക്ഷയിൽ

ഇടപെടില്ല

ജൂൺ 21ന് നിശ്ചയിച്ചിരിക്കുന്ന പുനഃപരീക്ഷയിൽ ഇടപെടില്ലെന്ന് കോടതി സൂചന നൽകി. പരീക്ഷാനടത്തിപ്പിൽ നിന്ന് എൻ.ടി.എയെ മാറ്റിനിറുത്തണം, ഈ വർഷം തന്നെ കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്ര് നടത്തണം, ചോർച്ച കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ട് സംഘടന അടക്കം സമർപ്പിച്ച പൊതുതാത്പര്യഹ‌ർജികളാണ് പരിഗണിക്കുന്നത്.

അറസ്റ്റിലായ അദ്ധ്യാപിക മനീഷ സഞ്ജയ് ഹവൽദാറെ ഡൽഹി റൗസ് അവന്യു കോടതി ആറു ദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. ഫിസിക്സ് ചോദ്യപേപ്പർ മറാത്തിയിലേക്ക് പരിഭാഷപ്പെടുത്താനാണ് ഇവർക്ക് നൽകിയിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA