SignIn
Kerala Kaumudi Online
Thursday, 24 September 2026 7.45 AM IST

വന്ദേഭാരതിനുവേണ്ടി റെയിൽവേയുടെ 'വാഗൺ ട്രാജഡി', കുഴഞ്ഞുവീണ് യാത്രക്കാർ

READ ENGLISH VERSION
vande-bharat

കണ്ണൂർ: വന്ദേഭാരതിന് സുഗമയാത്രയൊരുക്കാൻ മറ്റുട്രെയിനുകൾ പിടിച്ചിടുന്നത് തുടർക്കഥയാക്കി റെയിൽവേ. തിങ്ങിനിറഞ്ഞ ട്രെയിനുകൾ ഏറെ സമയം പിടിച്ചിടുന്നതുമൂലം സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ അനുഭവിക്കുന്ന നരകയാതനകൾക്ക് ഒരു വിലയും കൽപ്പിക്കാതെയാണ് റെയിവേയുടെ പ്രവൃത്തി. കഴിഞ്ഞദിസവം സൂചികുത്താൻ ഇടമില്ലാതെ നിറഞ്ഞുവന്ന മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്‌പ്രസ് തിക്കോടിയിൽ വന്ദേഭാരതിനായി അരമണിക്കൂറോളമാണ് പിടിച്ചിട്ടത്. ഇതിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികളാണ് തിരക്കും ചൂടുംകൊണ്ട് കുഴഞ്ഞുവീണത്. സഹായാത്രക്കാർ പ്രഥമശുശ്രൂഷ നൽകിയാണ് ഇവരെ കോഴിക്കോട് റെയിൽവേസ്റ്റേഷൻ വരെ എത്തിച്ചത്. തിക്കോടിയിൽ അരമണിക്കൂറോളം പിടിച്ചിട്ടതുകാരണം ഒരുമണിക്കൂർ വൈകിയാണ് ട്രെയിൻ കോഴിക്കോട്ടെത്തിയത്.

ട്രെയിനുകൾ പിടിച്ചടുന്നതിനെതിരെ വ്യാപക പരാതിയും പ്രതിഷേധവും ഉയരുന്നുണ്ടെങ്കിലും അതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് റെയിൽ അധികൃതർ എന്നാണ് ആക്ഷേപം. റെയിൽവേയുടെ കണ്ണുതുറപ്പിക്കാൻ വേറിട്ട പ്രതിഷേധവുമായി യാത്രക്കാർ എത്തിയിരുന്നു. ആലപ്പുഴ വഴിയുളള യാത്രക്കാരാണ് 'ദുരിതമീ യാത്ര' എന്നെഴുതിയ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചത്.

വന്ദേ ഭാരത് അടക്കമുള്ള പുതിയ ട്രെയിനുകൾ കൃത്യ സമയത്ത് ഓടുന്നതിനായി കേരളത്തിലെ മറ്റ് പ്രധാന ട്രെയിനുകൾ റെയിൽവേ മനഃപൂർവം വൈകിപ്പിക്കുന്നതായാണ് യാത്രക്കാരുടെ പരാതി. ഇന്റർസിറ്റി, പാലരുവി, രാജധാനി, ഏറനാട് തുടങ്ങിയ ട്രെയിനുകൾ വന്ദേ ഭാരതിനായി 45 മിനിട്ടോളം വൈകിപ്പിക്കുന്നതായാണ് പരാതി.

5.05ന് യാത്ര ആരംഭിക്കുന്ന വേണാട് 5.25ന് പുനഃക്രമീകരിച്ചതിനെത്തുടർന്ന് തിരുവനന്തപുരത്ത് യാത്രക്കാർ പ്രതിഷേധിച്ചിരുന്നു. പെട്ടെന്നുള്ള പുനഃക്രമീകരണങ്ങൾ സ്ഥിരം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ഉയരുകയാണ്. എറണാകുളത്ത് നിന്ന് വൈകിട്ട് 6.05ന് യാത്ര തിരിക്കുന്ന കായംകുളം എക്‌സ്‌പ്രസ് അടുത്തിടെയായി 40 മിനിട്ടോളം വൈകിപ്പിക്കുന്നുണ്ട്. ജനശതാബ്‌ദി, നാഗർകോവിൽ-കോട്ടയം പാസഞ്ചർ എന്നിവയും വൈകിയോടുന്ന ട്രെയിനുകളിൽ ഉൾപ്പെടുന്നു. അറ്റകുറ്റപ്പണികൾ കാരണമാണ് ട്രെയിനുകൾ വൈകുന്നതാണെന്നാണ് റെയിൽവേയുടെ വാദം.

ട്രെയിനുകൾ വൈകിയോടുന്നതിനാൽ മറ്റ് ട്രെയിനുകളിൽ തിരക്ക് അധികരിക്കുന്നതായി ഓൾ കേരള റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ ജെ പോൾ മാൻവെട്ടം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PARASHURAM EXPRESS, VANDEBHARAT, VADAKARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA