SignIn
Kerala Kaumudi Online
Thursday, 24 September 2026 3.34 AM IST

കെ.ജി. ജോർജ്ജിന്റെ ഓർമ്മകൾക്ക് മൂന്നാണ്ട് പാവങ്ങൾക്ക് ഭക്ഷണവുമായി ഭാര്യ സൽമ ഗോവയിൽ

george

കൊച്ചി: പുതിയ സിനിമയുടെ 'യവനിക" ഉയർത്തിയ കെ.ജി. ജോർജ്ജ് മൺമറഞ്ഞിട്ട് ഇന്ന് മൂന്നാണ്ടാകുന്നു.

മലയാള സിനിമയെ കാലത്തിനു മുന്നിലേക്കു നയിച്ച അദ്ദേഹത്തെ പ്രിയപ്പെട്ടവരും ആരാധകരും ആർഭാടങ്ങളില്ലാതെ അനുസ്മരിക്കും. ഗോവയിലെ 'ഇസ്‌കോൺ" ക്ഷേത്രത്തിൽ പാവങ്ങൾക്കു ഭക്ഷണവുമായി ഭാര്യ സൽമയെത്തും. ജോർജ്ജിന്റെ മരണശേഷം മകൻ അരുണിനൊപ്പം ഗോവയിലാണ് സൽമ ജോർജ്ജ്. കൊച്ചിയിൽ മാക്ട ആസ്ഥാനത്ത് ഇന്ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ വിദേശത്തുള്ള മകൾ താര ഇന്നലെയെത്തി.
എഴുത്തിലും ചിത്രീകരണത്തിലുമെല്ലാം ജോർജിന്റെ നിഴലായിരുന്ന സൽമയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ സകല കഥാപാത്രങ്ങളും എപ്പോഴുമുണ്ട്. സിനിമയെ മാത്രം പ്രണയിച്ച ജോർജ്ജ് ഒരു വീട് പോലും ഭാര്യയ്‌ക്കു സമ്മാനിച്ചില്ലെങ്കിലും പരിഭവമില്ല. ആ ഇഷ്ടങ്ങൾക്കൊപ്പമായിരുന്നു ജീവിതയാത്ര.

സിനിമ മാത്രമായിരുന്നു ജോർജിന്റെ മനസിൽ. ആരോഗ്യം പോലും ശ്രദ്ധിച്ചിരുന്നില്ല. ദേശീയ അവാർഡ് ചടങ്ങിനായി ഡൽഹിയിലെത്തി 15 ദിവസം ബി.പിക്കുള്ള മരുന്നു കഴിക്കാതിരുന്നതാണ് മസ്തിഷ്‌കാഘാതത്തിനു കാരണമായത്.
മതപരമായ ചടങ്ങുകളൊന്നും ജീവിതത്തിൽ പാടില്ലെന്ന് നിർബന്ധമുണ്ടായിരുന്നു. സൽമയ്‌ക്കും അങ്ങനെതന്നെ. ബന്ധുക്കൾ എതിർത്തെങ്കിലും മൃതദേഹം ദഹിപ്പിക്കണമെന്ന ആഗ്രഹം സാധിച്ചുകൊടുക്കാൻ മുന്നിട്ടിറങ്ങി. താൻ മരിച്ചാലും ഇങ്ങനെ വേണമെന്ന് സൽമ മക്കളോട് പറഞ്ഞിട്ടുണ്ട്. കേരള സൈഗാൾ എന്നറിയപ്പെടുന്ന പാപ്പുക്കുട്ടി ഭാഗവതരുടെ മകളാണ് സൽമ. ജോർജ്ജിന്റേതടക്കം 45 സിനിമകളിൽ പാടിയിട്ടുണ്ട്.

ഇഷ്ടം നല്ല ഭക്ഷണവും കൂട്ടുകാരും
ഭക്ഷണം കുറച്ചു മതിയെങ്കിലും വിഭവസമൃദ്ധമാകണമെന്ന് ജോർജ്ജിന് നിർബന്ധമുണ്ടായിരുന്നു. ഉച്ചയ്ക്ക് മീൻ പീര, മീൻകറി, അവിയൽ, പുളിശേരി, തോരൻ, മെഴുക്കുപുരട്ടി, സംഭാരം എന്നിവ നിർബന്ധം. രാത്രി കഞ്ഞിക്കൊപ്പം ചെറുപയർ-വൻപയർ മെഴുക്കുപുരട്ടി, ഉണക്കച്ചെമ്മീൻ വറുത്തത്, മുളകിട്ടു വറുത്ത പപ്പടം, തേങ്ങാച്ചമ്മന്തി. രാവിലെ എന്തെങ്കിലും പലഹാരം.
പ്രിയസുഹൃത്തുക്കളായ പി.എ. ലത്തീഫ്, പവിത്രൻ, ഭരതൻ, ഭരത് ഗോപി, തിലകൻ എന്നിവർ വീട്ടിലെ സ്ഥിരം സന്ദർശകരായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KGGEORGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA