
ആലപ്പുഴ: നവകേരളയാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസിൽ മുൻമുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ രണ്ടാംദിവസത്തെ ചോദ്യം ചെയ്യലിലും ഗൂഢാലോചന സംബന്ധിച്ച് സൂചന ലഭിച്ചില്ല.
ക്രൈംബ്രാഞ്ച് എസ്.പി ഷൗക്കത്തലിയുടെ മുന്നിൽവച്ച് പ്രതികളായ അഞ്ചുപേരെയും മർദ്ദനത്തിനിരയായ എ.ഡി.തോമസ് എം.എൽ.എയും യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജ്യുവൽ കുര്യാക്കോസും സംഭവത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച ജയ് ഹിന്ദ് ചാനൽ കാമറമാൻ ജോജിയും തിരിച്ചറിഞ്ഞു. ഒന്നുമുതൽ അഞ്ചുവരെ പ്രതികളായ അനിൽകുമാർ, സന്ദീപ്, ഷൈജു, വിപിൻ, അരുൺ എന്നിവരെ ഒരുമിച്ചിരുത്തിയാണ് ഇന്നലെ ചോദ്യം ചെയ്തത്.
പ്രതിഷേധമുണ്ടാകുമെന്നും മുൻ കരുതൽ സ്വീകരിക്കണമെന്നും ആഭ്യന്തരവകുപ്പിൽ നിന്നുണ്ടായ നിർദ്ദേശത്തിന്റെ ഭാഗമായാണ് അകമ്പടിവാഹനത്തിൽ ലാത്തി സൂക്ഷിച്ചതെന്നും കൺമുന്നിൽ അക്രമശ്രമമുണ്ടായപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരെന്ന നിലയിൽ ബലപ്രയോഗം നടത്തേണ്ടിവന്നുമെന്നുമുള്ള വാദത്തിൽ പ്രതികൾ ഉറച്ചുനിന്നു.
ലാത്തികൾ ഡ്യൂട്ടിക്ക് ശേഷം ബന്ധപ്പെട്ട യൂണിറ്റിൽ തിരികെ നൽകിയെന്നായിരുന്നു രണ്ടാംദിവസത്തെ ചോദ്യം ചെയ്യലിലും വെളിപ്പെടുത്തിയത്. വധശ്രമക്കുറ്റം ചുമത്തിയിരിക്കുന്ന കേസിൽ തെളിവുനിയമപ്രകാരം പ്രതികളുടെ സാന്നിദ്ധ്യത്തിൽ ആയുധങ്ങൾ കണ്ടെടുക്കണമെന്നുണ്ട്. കോടതി നിർദേശിച്ച സമയപരിധിയ്ക്കുള്ളിൽ ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തെത്തി ആയുധം കണ്ടെത്തുക പ്രായോഗികമല്ലാത്തതിനാൽ അതുണ്ടായില്ല. വകുപ്പുതലത്തിൽ നോട്ടീസ് നൽകി ബന്ധപ്പെട്ട യൂണിറ്റിൽ നിന്ന് ഇവ വീണ്ടെടുത്ത് ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയയ്ക്കാനാണ് നീക്കം.
മുൻകൂർജാമ്യത്തിലെ വ്യവസ്ഥ പ്രകാരം ചോദ്യം ചെയ്യലും തെളിവെടുപ്പും ഇന്ന് പൂർത്തിയാകും. സംഭവസ്ഥലമായ ജനറൽ ആശുപത്രി ജംഗ്ഷനിലെ തെളിവെടുപ്പും പ്രതികളുടെ അറസ്റ്റും ഇന്നുണ്ടാകാനാണ് സാദ്ധ്യത. മുൻകൂർജാമ്യം ഉള്ളതിനാൽ ഒരുലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആൾജാമ്യത്തിലും വിട്ടയയ്ക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |