SignIn
Kerala Kaumudi Online
Thursday, 24 September 2026 8.52 AM IST

'രേഖകൾ ഉള്ള ഒരാളെ പോലും കുടിയൊഴിപ്പിക്കില്ല'; മുനമ്പം വിഷയത്തിൽ താമസക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി

READ ENGLISH VERSION
pinarayi-vijayan

തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രേഖകൾ ഉള്ള ഒരാളെ പോലും കുടിയൊഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മീഷനായി നിയോ​ഗിക്കാൻ തീരുമാനിച്ചു. എന്നാൽ സമരം നിർത്തണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മുനമ്പം സമരസമിതി തള്ളി. വഖഫ് ആസ്തി വിവര പട്ടികയിൽ നിന്ന് ഭൂമി ഒഴിവാക്കും വരെ നിരാഹാര സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു. ജുഡീഷ്യൽ കമ്മീഷനോട് സഹകരിക്കുമെന്നും സമരക്കാർ മുഖ്യമന്ത്രിയോട് പറഞ്ഞു.

'നോട്ടീസടക്കമുള്ള നടപടികളൊന്നും നടത്തരുതെന്ന് വഖഫ് ബോർഡിനോട് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. ഇക്കാര്യം ബോർഡ് അംഗീകരിച്ചിട്ടുണ്ട്. ഭൂമിയിലെ താമസക്കാരുടെ ഭാഗവും ആവലാതികളും കമ്മീഷന്‍ മുമ്പാകെ കൃത്യമായി ബോധിപ്പിക്കാനുള്ള അവസരമുണ്ടാകും. കോടതിയിലുള്ള കേസിൽ സർക്കാർ നിലപാട് അറിയിക്കും. നിലവിലെ താമസക്കാരുടെ അവകാശങ്ങള്‍ എന്തു വില കൊടുത്തും സംരക്ഷിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഹൈക്കോടതി മുമ്പാകെ ഈ വിഷയത്തില്‍ നിലവിലുള്ള കേസുകളില്‍ താമസക്കാര്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ കക്ഷി ചേരുന്നതാണ്. നികുതി അടയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിലവിലെ ഹൈക്കോടതി സ്റ്റേ നീക്കിക്കിട്ടാനുള്ള സാദ്ധ്യമായ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. ജനങ്ങളുടെ ആശങ്കകൾ കോടതിയെ ബോധ്യപ്പെടുത്താൻ പരിശ്രമിക്കും.',- മുഖ്യമന്ത്രി അറിയിച്ചു.


കമ്മീഷന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ താമസക്കാരുടെ പൂര്‍ണ്ണ സഹകരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ചർച്ചയിൽ റവന്യു മന്ത്രി കെ. രാജൻ, നിയമ മന്ത്രി പി. രാജീവ് , വഖഫ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, എറണാകുളം ജില്ലാ കളക്ടർ എന്‍.എസ്.കെ‍. ഉമേഷ് എന്നീവരും വൈപ്പിൻ എം എൽ എ കെ. എൻ ഉണ്ണികൃഷ്ണൻ, വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ, കോട്ടപുറം ബിഷപ്പ് ആംബ്രോസ് പുത്തൻവീട്ടിൽ, മുനമ്പം സമരസമിതി ചെയർമാൻ ജോസഫ് സെബാസ്റ്റ്യൻ, കൺവീനർ ബെന്നി, മുരുകൻ ( എസ്. എൻ. ഡി.പി ), പി.ജെ ജോസഫ് (പ്രദേശവാസി ) എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CMPINARAYI, CM, MUNAMBAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA