SignIn
Kerala Kaumudi Online
Monday, 10 August 2026 3.35 AM IST

പിറമാടം പള്ളിയിലെ സഭാ തർക്കം: അൾത്താരയ്ക്ക് മുന്നിൽ വൈദികരും വിശ്വാസികളും ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്

READ ENGLISH VERSION
church-issue

പിറവം: ദൈവനാമവും സങ്കീർത്തനങ്ങളും മുഴങ്ങേണ്ട വിശുദ്ധ മദ്ബഹയിൽ (അൾത്താര) അരങ്ങേറിയത് തെറിവിളിയും കൈയേറ്റവും. നേതൃത്വം നൽകാൻ, വൈദികരും. പിറമാടം സെന്റ് ജോൺസ് ബെത്ലഹേം സുറിയാനി പള്ളിയിൽ സഭാ തർക്കത്തിന്റെ പേരിൽ കണ്ടത് വിശ്വാസികളെയും നാണിപ്പിക്കുന്ന രംഗങ്ങൾ.

രാവിലെ ഏഴിന് കുർബാനയ്ക്കിടെയായിരുന്നു യാക്കോബായ- ഓർത്തഡോക്സ് പക്ഷത്തെ വൈദികരും വിശ്വാസികളും അര മണിക്കൂറോളം ഏറ്റുമുട്ടിയത്. ഓർത്തഡോക്സ് പക്ഷത്തെ ഒരു വൈദികനുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല. രാമമംഗലം പൊലീസ് പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തു. രാത്രി വരെ കേസെടുത്തിട്ടില്ല. കളക്ടർ ജി.പ്രിയങ്ക ഇന്ന് കളക്ടറേറ്റിൽ അനുരഞ്ജന ചർച്ച നടത്തും. യാക്കോബായ പക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളിയിൽ കുർബാനയ്ക്കിടെ, മൂവാറ്റുപുഴ സബ് കോടതിയുടെ അനുകൂല ഉത്തരവുമായി ഓർത്തഡോക്സ് സഭ അസി. വികാരി ഫാ.എബിൻ എബ്രഹാമും സംഘവും ആരാധനയ്ക്കെത്തിയത്. മദ്ബഹയിൽ പ്രവേശിക്കാൻ ശ്രമിച്ചതോടെ, യാക്കോബായ വികാരി ഫാ.ലാൽ മോൻ തമ്പി പട്ടരുമഠത്തിന്റെ നേതൃത്വത്തിൽ തടഞ്ഞു. ഇതോടെ സംഘർഷമായി. രാമമംഗലം പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. യാക്കോബായ വിഭാഗം കുർബാന അർപ്പിച്ചപ്പോൾ പ്രതിഷേധിച്ച് ഫാ.എബിൻ ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു. ഫാ.എബിൻ എബ്രാഹമിനും യാക്കോബായ വിഭാഗത്തിലെ പിറമാടം ചെനയംമാക്കിൽ റെജി, പയ്യാനിക്കൽ ഡാനിയേൽ എന്നിവർക്കുമാണ് പരിക്ക്.

 ചർച്ച ചെയ്ത് പരിഹരിക്കും: സർക്കാർ

തലമുറകളായുള്ള ഓർത്തഡോക്സ് - യാക്കോബായ സഭാതർക്കം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഹൈക്കോടതിയെ അറിയിച്ചു. തർക്കം തീർക്കാനാകുമെന്നാണ് പ്രതീക്ഷ. ആറ് പള്ളികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ ഡിവിഷൻ ബെഞ്ച് മുമ്പാകെയാണ് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ മുഹമ്മദ് ഷാ മുഖേന വിശദീകരണം നൽകിയത്.

 മലങ്കരസഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൽപ്പെട്ടതാണ് പള്ളി. മുൻസിഫ് കോടതി വിധിയിലെ സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി വിശ്വാസികൾക്ക് ഇറങ്ങിക്കൊടുക്കേണ്ടി വന്നതാണ്. യാഥാർത്ഥ്യം ബോദ്ധ്യപ്പെടുത്തിയാണ് അനുകൂല വിധി സമ്പാദിച്ചത്. നീതി നടപ്പാക്കപ്പെടണം.

ഡോ.യൂഹാനോൻ മാർ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്താ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PIRAMADOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA