SignIn
Kerala Kaumudi Online
Friday, 21 August 2026 2.28 AM IST

'പുലികളി ഓക്കാനം വരുന്ന ആഭാസം'  പുലിവാലുപിടിച്ച് വി.കെ.ശ്രീരാമൻ  പ്രതിഷേധം കടുത്തപ്പോൾ ഖേദപ്രകടനം

1

തൃശൂർ: പുലികളിയെ അധിക്ഷേപിച്ചുള്ള നടൻ വി.കെ.ശ്രീരാമന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി. ശ്രീരാമൻ മാപ്പു പറയണമെന്ന് പുലികളി സംഘങ്ങളും സാമൂഹിക രാഷ്ട്രീയ പ്രവർത്തകരും ആവശ്യപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണെന്ന് ആദ്യം മറുപടി പറഞ്ഞ ശ്രീരാമൻ പിന്നീട് ഖേദം പ്രകടിപ്പിച്ചു. 'പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപവൈകൃതമാണ്. അത് കലയ്ക്കായി ഉപയോഗപ്പെടുത്തുന്നത് ആഭാസമാണ്. കണ്ടാൽ ഓക്കാനം വരുന്ന ഇത്തരമൊരു കലാവൈകൃതം ലോകത്തൊരിടത്തും ഉണ്ടാകില്ല' എന്നായിരുന്നു ശ്രീരാമന്റെ കുറിപ്പ്. നാട്യശാസ്ത്രത്തിൽ ശാർദ്ദൂല വിക്രീഡിതം എന്ന് കുംഭകുലുക്കിക്കളിയെ പരാമർശിക്കുന്നുണ്ടെന്നും പരിഹസിച്ചു.

ശ്രീരാമന്റെ അഭിപ്രായത്തെ അനുകൂലിക്കുന്നവരുമുണ്ട്. 19നാണ് പാേസ്റ്റിട്ടത്. വിവാദത്തിന് മറുപടിയെന്നോണം ഇന്നലെ ഡോ. മനോജ് വെള്ളനാടിന്റെ ഒരു പോസ്റ്റ് ശ്രീരാമൻ ഷെയർ ചെയ്തു. വയറിന് ചുറ്റും കൊഴുപ്പ് അടിയുന്ന രോഗാവസ്ഥയെ കുറിച്ചുള്ളതാണിത്.

ബോഡി ഷെയിമിംഗ് ആണെന്നാണ് പ്രധാന വിമർശനം. അയ്യന്തോൾ പുലികളി സംഘം ശ്രീരാമനെതിരെ കേസിന് ഒരുങ്ങുകയാണ്. ഒളരിക്കര സംഘത്തിന്റെ പഴയ സുവനീറിൽ പുലികളിയെക്കുറിച്ച് എഴുതിയ ലേഖനം ഫേസ്ബുക്കിൽ പങ്കുവച്ച് സംവിധായകൻ പ്രിയനന്ദനൻ പുലികളിക്ക് ഐക്യദാർഢ്യമറിയിച്ചു. 29നാണ് സ്വരാജ് റൗണ്ടിൽ പുലികളി അരങ്ങേറുന്നത്. വിവാദമായ ഫേസ് ബുക്ക് കുറിപ്പ് നീക്കം ചെയ്ത വി.കെ.ശ്രീരാമൻ കാസർകോടൻ പുലികളിയും തൃശൂർ പുലികളിയും തമ്മിൽ താരതമ്യം ചെയ്തുള്ള കുറിപ്പിലൂടെയാണ് ഖേദം പ്രകടിപ്പിച്ചത്.

 ടിപ്പു സൈന്യത്തിന്റെ പുലികളിയാട്ടം

കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാന്റെ കാലത്താണ് പുലികളി ആരംഭിച്ചത്. ഓണാഘോഷത്തിന് ആവേശവും ജനപങ്കാളിത്തവുമായിരുന്നു ലക്ഷ്യം. ടിപ്പുവിന്റെ സൈന്യത്തിലെ പഠാണി മുസ്‌ലിങ്ങളാണ് പുലികളിയെന്ന വേറിട്ട നൃത്തരീതി ആദ്യം അവതരിച്ചതത്രെ. മൈസൂരുവിൽ പുലികളിയാട്ടം നിലവിലുണ്ട്.

 പുലികളിയെക്കുറിച്ചുള്ള അഭിപ്രായ പ്രകടനം പക്വതയുള്ളതായില്ല. പുലികളി കലാകാരന്മാർക്കും ബന്ധപ്പെട്ടവർക്കും അഭിപ്രായപ്രകടനവും അനുചിതമായ പദപ്രയോഗങ്ങളും മനോവിഷമം ഉണ്ടാക്കിയെന്ന് മനസിലാക്കിയതിൽ ഖേദിക്കുന്നു

വി.കെ.ശ്രീരാമൻ.

നടൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PULIKALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA