തിരുവനന്തപുരം: വയനാട് കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലിലുണ്ടായതിന് പിന്നാലെ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാടിനുപുറമെ കോഴിക്കോട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്.
വയനാട് കള്ളാടിയിൽ മീനാക്ഷിപാലത്തിന് സമീപം തുരങ്കപ്പാത നിർമാണ മേഖലയിലാണ് മണ്ണിടിഞ്ഞത്. വാഹനങ്ങളടക്കം മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. മേപ്പാടിക്ക് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചെന്നും വിവരമുണ്ട്. ആറുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥലത്ത് ഇപ്പോഴും മണ്ണിടിച്ചിൽ തുടരുന്നുവെന്ന് റിപ്പോർട്ടുകൾ. ഒരു വീടും പള്ളിയും പൂർണമായും തകർന്നിട്ടുണ്ട്. സ്ഥലത്തെ ബസ് സ്റ്റോപ്പും പാലവും മണ്ണിനടിയിലായി. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ സ്ഥലത്തെത്തിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കൽപ്പറ്റയിൽ നിന്നുള്ള അഞ്ച് ഫയർ ഫോഴ്സ് യൂണിറ്റുകൾ അപകടസ്ഥലത്തെത്തിയിട്ടുണ്ട്. ബത്തേരിയിൽ നിന്നും മാനന്തവാടിയിൽ നിന്നും കൂടുതൽ യൂണിറ്റുകൾ മേപ്പാടിയിലേക്ക് തിരിച്ചിട്ടുണ്ട്. മീനങ്ങാടിയില്‍ നിന്നുള്ള എൻഡിആർഎഫ് യൂണിറ്റ് ഉടൻ സംഭവ സ്ഥലത്തെത്തും. കോഴിക്കോടുള്ള സംഘത്തോടും വയനാട്ടിൽ എത്താൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്നലെ വയനാട്ടിൽ അതിതീവ്ര മഴയാണ് പെയ്തത്. 24 മണിക്കൂറിൽ 226 എം എം മഴ രേഖപ്പെടുത്തിയിരുന്നു. ഇതാണ് മണ്ണിടിച്ചിലിന് കാരണമായത്.
അതേസമയം, വയനാട്ടിൽ ഇന്നുണ്ടായ മണ്ണിടിച്ചിൽ മനുഷ്യനിർമ്മിത ദുരന്തമാണെന്ന് മന്ത്രി ടി സിദ്ദിഖ് ആരോപിച്ചു. തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് മണ്ണിടിച്ചിലിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |