SignIn
Kerala Kaumudi Online
Thursday, 04 June 2026 1.54 AM IST

കുംഭമേള താരത്തിന്റെ ഭർത്താവിന്റെ അറസ്റ്റ് വിലക്കി മദ്ധ്യപ്രദേശിൽ മുൻകൂർ ജാമ്യഹർജി നൽകാം

hc

കൊച്ചി: കുംഭമേളയിൽ വൈറൽ താരമായ പെൺകുട്ടിയുടെ ഭർത്താവ് മുഹമ്മദ് ഫർമാന്റെ (26) അറസ്റ്റ് ഒരു മാസത്തേക്ക് ഹൈക്കോടതി തടഞ്ഞു. ഫർമാന്റെ മുൻകൂർ ജാമ്യഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്.

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തെന്നാരോപിച്ച് പിതാവ് നൽകിയ പരാതിയിൽ മദ്ധ്യപ്രദേശ് മഹീശ്വർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ സംരക്ഷണം. ഫർമാന് ഒരു മാസത്തിനകം മദ്ധ്യപ്രദേശിലെ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

മദ്ധ്യപ്രദേശിലെത്തിയാൽ ജീവന് ഭീഷണിയുണ്ടെന്നും അവിടെ നിയമനടപടികൾ സ്വീകരിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേരള ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് ചെയ്യപ്പെടുമെന്ന ആശങ്കയും അറിയിച്ചിരുന്നു. ട്രാൻസിറ്റ് ജാമ്യം അനുവദിക്കാനുള്ള അധികാരം പ്രയോഗിക്കണമെന്നായിരുന്നു ആവശ്യം. ഈ വാദങ്ങളിൽ വസ്തുതയുണ്ടെന്ന് വിലയിരുത്തിയാണ് കോടതി അറസ്റ്റ് തടഞ്ഞത്.

പെൺകുട്ടിക്ക് 18 തികഞ്ഞെന്ന്

പ്രഥമദൃഷ്ട്യാ വിലയിരുത്തൽ

പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്നാരോപിച്ച് ഫർമാനെതിരെ പോക്സോ വകുപ്പും പൊലീസ് ചുമത്തിയിരുന്നു. എന്നാൽ ഹാജരാക്കിയ രേഖകളിൽ നിന്ന് പെൺകുട്ടിക്ക് 18 തികഞ്ഞെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. തിരുവനന്തപുരത്ത് വിവാഹിതരായ തങ്ങൾ ഭാര്യാഭർത്താക്കന്മാരായാണ് ജീവിക്കുന്നതെന്ന പെൺകുട്ടിയുടെ വിശദീകരണവും കണക്കിലെടുത്തു. ജനന സർട്ടിഫിക്കറ്ര് വ്യാജമാണെന്നും അമ്പലത്തിൽ നടന്ന വിവാഹത്തിന് സാധുതയില്ലെന്നുമാണ് ഹർജിയെ എതിർത്ത് മദ്ധ്യപ്രദേശ് സർക്കാർ വാദിച്ചത്. വിശദാംശങ്ങളിലേക്ക് കോടതി കടന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA