
കടയ്ക്കൽ: വാടകയെച്ചൊല്ലി തർക്കം നിലനിന്നിരുന്ന കടമുറിയും കൂടെച്ചേർന്നുള്ള രണ്ടു മുറി വീടും ഇടിച്ചു തകർത്ത് ഉടമയുടെയും ബന്ധുക്കളുടെയും ക്രൂരത. ചിതറ സൈഡ് വാൾ മുക്കിന് സമീപം 63 കാരനായ അബ്ദുൾ വാഹിദും ഭാര്യയും താമസിച്ചിരുന്ന നസീം മൻസിലും, ഹോട്ടൽ നടത്തിയിരുന്ന കടമുറിയുമാണ് ഇന്നലെ ഹിറ്റാച്ചി ഉപയോഗിച്ച് ഇടിച്ചു തകർത്തത്. സംഭവത്തിൽ ചിതറ മാങ്കോട് സ്വദേശികളായ ദിൽവർ, അൻവർ, കണ്ടാലറിയാവുന്ന ഹിറ്റാച്ചി ഡ്രൈവർ എന്നിവർക്കെതിരെ കേസെടുത്തു.
തകർത്ത കെട്ടിടത്തിൽ കഴിഞ്ഞ എട്ട് വർഷമായി താമസിച്ചു വരുകയായിരുന്നു അബ്ദുൾ വാഹിദും ഭാര്യയും. വാടകയ്ക്കെടുക്കുമ്പോഴുണ്ടായിരുന്ന കെട്ടിടത്തിൽ കടമുറിയടക്കം നിർമ്മിച്ചത് താനാണെന്ന് അബ്ദുൾ വാഹിദ് പറയുന്നു. ഒരു വർഷം മുമ്പ് ഉടമ കെട്ടിടം ഒഴിയാൻ ആവശ്യപ്പെട്ടു. കടമുറി നിർമ്മാണത്തിനും അറ്റുകുറ്റപ്പണിക്കും ചെലവിട്ട നാലു ലക്ഷം രൂപ നൽകിയാൽ വീടൊഴിയാമെന്ന് അബ്ദുൾ വാഹിദ് പറഞ്ഞതോടെ തർക്കമായി.ആറു മാസം മുമ്പ് ഉടമ കോടതിയിൽ കേസ് നൽകിയതോടെ അബ്ദുൾ വാഹിദ് വാടക നൽകാതെയായി. ഇതിനിടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാനും, വീട്ടിൽ ചാരായം കൊണ്ടുവച്ച് കേസിൽ കുടുക്കാനും ശ്രമിച്ചതായും പരാതിയുണ്ട്.
അബ്ദുൾ വാഹിദിന്റെ ഭാര്യ സുഹറ ബീവി തങ്ങളെ വീട്ടിൽ കയറി അസഭ്യം പറഞ്ഞെന്നാരോപിച്ച് വീട്ടുടമ ചിതറ സ്റ്റേഷനിൽ ചൊവ്വാഴ്ച പരാതി നൽകി. ഇക്കാര്യം അന്വേഷിക്കാനായി സുഹറ ബീവിയെ ഇന്നലെ രാവിലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടർന്ന്, പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം അബ്ദുൾ വാഹിദും സ്റ്റേഷനിൽ പോയ സമയം നോക്കിയാണ് ഹിറ്റാച്ചി ഉപയോഗിച്ച് വീടും കടമുറിയും തകർത്തത്. ഫ്രിഡ്ജ്, ടി.വി, ഫർണിച്ചറുകളടക്കം തകർന്നതിനാൽ നാലുലക്ഷം രൂപയുടെ നഷ്ടമുണ്ടായതിന് പുറമേ ,തങ്ങളുടെ വസ്ത്രങ്ങളടക്കം നഷ്ടമായതായി അബ്ദുൾ വാഹിദ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |