SignIn
Kerala Kaumudi Online
Friday, 12 June 2026 1.55 AM IST

ശബരിമല സ്വർണക്കൊള്ള: 15 ന് സി.പി.എം ജില്ലാക്കമ്മിറ്റി, പത്മകുമാറിനെതിരെ കടുത്ത നടപടി വരും

READ ENGLISH VERSION

തിരുവനന്തപുരം/പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ പത്തനംതിട്ട ജില്ലാക്കമ്മിറ്റി അംഗം എ. പത്മകുമാറിനെതിരെ ഒടുവിൽ കടുത്ത നടപടിക്ക് സി.പി.എം ഒരുങ്ങുന്നു. ജില്ലാക്കമ്മിറ്റിയിൽ നിന്നു തരംതാഴ്ത്തുകയോ സി.പി.എമ്മിൽ നിന്നു പുറത്താക്കുകയോ ചെയ്യും. പത്മകുമാറിനെതിരെ കർശന നടപടിയെടുക്കാൻ പത്തനംതിട്ട ജില്ലാക്കമ്മിറ്റിക്ക് സി.പി.എം സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകി. പാർട്ടി അംഗത്വം പുതുക്കാതിരുന്ന പത്മകുമാർ കഴിഞ്ഞയാഴ്ച അത് പുതുക്കിയിരുന്നു.

ശബരിമല സ്വർണക്കൊള്ള കേസിന്റെ തുടക്കത്തിൽ തന്നെ പത്മകുമാറിനെതിരെ നടപടിയെടുത്തില്ലെന്നും ഇത് നിയമസഭ തിരഞ്ഞെടുപ്പുഫലത്തെ ബാധിച്ചെന്നും സി.പി.എം അവലോകന റിപ്പോർട്ടിൽ ഏറ്റുപറഞ്ഞിരുന്നു. ജയിലിൽ നിന്നു പുറത്തിറങ്ങിയ ശേഷം പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും പത്മകുമാറിനെ മാറ്റി നിറുത്തിയിരിക്കുകയാണ്. തെറ്റ് തിരുത്തൽ നടപടികളുടെ ഭാഗമായി പത്മകുമാറിനെതിരെ സംഘടനാപരമായ നടപടിയെടുക്കാനാണ് സി.പി.എം സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. പത്തനംതിട്ട ജില്ലാക്കമ്മിറ്റി അംഗമായതിനാൽ അവിടെയാണ് നടപടിയെടുക്കേണ്ടത്. അതിനുവേണ്ടി 15ന് ചേരുന്ന ജില്ലാക്കമ്മിറ്റി യോഗത്തിൽ സംസ്ഥാനക്കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. ശബരിമല സ്വർണ കൊള്ളക്കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പായി പത്മകുമാറിനെതിരെ നടപടി വേണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം.

തിരഞ്ഞെടുപ്പ് റിവ്യു റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വം നിലപാട് മയപ്പെടുത്തിയാണ് സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ചത്. എന്നാൽ, നടപടിയെടുക്കുമെന്ന് പരാമർശിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന കമ്മിറ്റിയിൽ അഭിപ്രായം ഉയർന്നു. ഇതോടെയാണ് സി.പി.എം തിരുത്തുകയും റിപ്പോർട്ടിൽ ഇക്കാര്യം ഉൾപ്പെടുത്തുകയും ചെയ്തത്. പത്മകുമാറിനെതിരെ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ജില്ലാക്കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച സംസ്ഥാന കമ്മിറ്റിയുടെ റിവ്യു റിപ്പോർട്ടും 15ന് ജില്ലാക്കമ്മിറ്റി ചർച്ച ചെയ്യും.

കേസ്?

ശബരിമലയിൽ നിന്ന് സ്വർണം കവരുന്നതിന് ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് എ.പത്മകുമാർ ഒത്താശ ചെയ്തെന്നും കൂട്ടുനിന്നതിലൂടെ കൊള്ളയ്ക്ക് വഴിയൊരുക്കിയെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. മൂന്നരമാസത്തോളം ജയിലിൽ കഴിഞ്ഞ പ്രതി ഇപ്പോൾ ജാമ്യത്തിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA