
കൊല്ലം: ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി അപഹരിച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ ജാമ്യഹർജി വിജിലൻസ് കോടതി തള്ളി. പ്രശാന്തിനോടൊപ്പം അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം എ.അജികുമാറിന് വൃക്കരോഗിയെന്ന നിലയിൽ ആരോഗ്യ സ്ഥിതി പരിഗണിച്ച് ജാമ്യം അനുവദിച്ചു. കേസിൽ ഇരുവർക്കുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
പ്രശാന്ത് കേസിലെ പതിനേഴും അജികുമാർ പതിനെട്ടാമതും പ്രതിയുമാണ്. ഹൈക്കോടതി അനുമതിയില്ലാതെ ദ്വാരപാലക പാളികൾ സ്വർണം പൂശുന്നതിന് പുറത്തേക്ക് കൊണ്ടുപോയതിൽ പ്രതികൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാസം 23നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 2019ൽ ദ്വാരപാലക ശിൽപ്പത്തിൽ നിന്ന് സ്വർണം അപഹരിച്ചത് മറച്ചുവയ്ക്കാനാണ് സ്വർണം പൂശാനെന്ന വ്യാജേന സ്വർണപ്പാളി കടത്താൻ പി.എസ്.പ്രശാന്ത് പ്രസിഡന്റായിരുന്ന ബോർഡ് അനുമതി നൽകിയതെന്നും എസ്.ഐ.ടി കണ്ടെത്തിയിരുന്നു. ശബരിമലയിലേക്ക് നെയ്യ് വാങ്ങിയതിൽ ക്രമക്കേട് നടത്തിയെന്ന കേസിലും ഇരുവരും പ്രതിയാണെങ്കിലും ഈ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഉയർന്ന വിലയ്ക്ക് മിൽമയ്ക്ക് കരാർ നൽകിയതിലൂടെ 2.27 കോടി ദേവസ്വം ബോർഡിന് നഷ്ടമുണ്ടാക്കിയെന്നതാണ് കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |