SignIn
Kerala Kaumudi Online
Wednesday, 14 October 2026 7.15 PM IST

'എന്നെ അറസ്റ്റ് ചെയ്‌താൽ ഒരാഴ്ചയ്‌ക്കുള്ളിൽ മുഖ്യമന്ത്രിയുടെ ഓമനപ്പുത്രിയെ അകത്താക്കും'; തന്റെ കയ്യിലുള്ളത് ആറ്റം ബോംബെന്ന് സാബു എം ജേക്കബ്

READ ENGLISH VERSION
pinarayi-vijayan

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ട്വന്റി 20 ചീഫ് കോ-ഓർഡിനേറ്റർ സാബു എം ജേക്കബ്. കേസിൽ കുടുക്കി തന്നെ അറസ്റ്റ് ചെയ്താൽ ഒരാഴ്ചയ്‌ക്കുള്ളിൽ മുഖ്യമന്ത്രിയുടെ ഓമനപ്പുത്രിയെ അകത്താക്കുമെന്നാണ് സാബു വെല്ലുവിളിച്ചത്. കിഴക്കമ്പലത്ത് നടന്ന ട്വന്റി 20 പാർട്ടിയുടെ മഹാസംഗമത്തിലാണ് അദ്ദേഹത്തിന്റെ വെല്ലുവിളി. 'എന്റെ കയ്യിലുള്ളത് ആറ്റം ബോംബാണ്. മുഖ്യമന്ത്രിയുടെ എല്ലാ പരിപാടികളും എനിക്കറിയാം. അതുകൊണ്ട് തന്നെ എതിർക്കുന്ന എംഎൽഎയും പാർട്ടി പ്രവർത്തകരും സൂക്ഷിക്കണം'- സാബു മുന്നറിയിപ്പ് നൽകി.

'എന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ ഒരാഴ്ചയ്‌ക്കുള്ളിൽ നമ്മുടെ മുഖ്യമന്ത്രിയുടെ ഓമനപ്പുത്രിയെ ഞാൻ അകത്താക്കും. ഇത് സ്വപ്നയുടെ കയ്യിലിരിക്കുന്ന ബോംബല്ല. സാബു ജേക്കബിന്റെ കയ്യിലിരിക്കുന്നത് ആറ്റം ബോംബാണ്. പൂത്തൃക്കയിൽ പാർട്ടിയുടെ പരിപാടി തടസപ്പെടുത്താൻ എംഎൽഎയും കൂട്ടരും ഇന്റർനെറ്റ് കട്ട് ചെയ്തു. പി വി ശ്രീനിജൻ എംഎൽഎ ചെയ്യുന്ന ദ്രോഹം മൂലം കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങുകയാണ്. അധികാരമോ പദവിയോ ആഗ്രഹിച്ചിട്ടില്ല. എനിക്ക് രാജ്യസഭാ സീറ്റ് വാദ്ഗാനം മുമ്പ് വന്നിട്ടുണ്ട്. യുഡിഎഫിലും സിപിഎമ്മിലും ബിജെപിയിലും സീറ്റ് കിട്ടുന്നതിൽ എനിക്ക് ബുദ്ധിമുട്ടില്ല. 2021ലെ തിരഞ്ഞെടുപ്പ് സമയത്ത് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വി ഡി സതീശനും വന്ന് സീറ്റുകൾ ഓഫർ ചെയ്തു.' - സാബു പറഞ്ഞു.

'മന്ത്രി പി രാജീവ് ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ അഞ്ചുതവണ എന്റെ വീട്ടിലെത്തി ചർച്ച നടത്തിയിട്ടുണ്ട്. അതിനു തെളിവ് ചോദിച്ചാൽ വീഡിയോ ദൃശ്യങ്ങൾ കാണിക്കാം. ഇവരൊക്കെ രാത്രി വന്ന് എന്റെ സഹായം തേടുന്നവരാണ്. ഞാൻ സിപിഎം ആണെന്ന് പ്രചാരണമുണ്ടായി. കഴിഞ്ഞ ദിവസം സംഘിയാക്കി, നാളെ കൊങ്ങിയാക്കും. ബിജെപിക്കാരൻ വന്നുപറഞ്ഞാൽ സീറ്റിന് വേണ്ടി ചാടുന്നവനല്ല ഞാൻ. കെ സുരേന്ദ്രനുമായി ഫോണിലൂടെ സംസാരിച്ചിട്ടില്ല. നേരിട്ട് ഇതുവരെ കണ്ടിട്ടുപോലുമില്ല. മുഖ്യമന്ത്രി വിദേശത്ത് മയോ ക്ലിനിക്കിൽ ചികിത്സയിലായിരുന്നപ്പോൾ അദ്ദേഹത്തിന്റെ കൂടെനിന്ന് ശുശ്രൂഷിച്ചിട്ടുണ്ട്. എന്നാൽ, എന്നെ നായയെപ്പോലെ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ മുഖ്യമന്ത്രി കണ്ടില്ലെന്ന് നടിച്ചു.' - സാബു എം ജേക്കബ് കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABU M JACOB, PINARAYI VIJAYAN, VEENA VIJAYAN, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA