കൊച്ചി: നെടുമ്പാശേരിയിൽ മൂന്ന് ചെറുപ്പക്കാരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിലെ പ്രതികളായ സുഹൈൽ സജീവ്, നിനവ്, ജോയൽ, അമീൻ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് നാളെ വൈകിട്ട് അഞ്ചുമണിവരെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
അതേസമയം, പൊലീസ് കസ്റ്റഡിയെ പ്രതിഭാഗം എതിർത്തിരുന്നു. അപകടത്തിൽപ്പെട്ട സ്കൂട്ടറിൽ മൂന്ന് പേരുണ്ടായിരുന്നുവെന്നും ആരും ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും അതും ദുരന്തത്തിന്റെ ആഘാതം കൂട്ടാൻ കാരണമായെന്നും പ്രതിഭാഗം വാദിച്ചു. കേസിൽ കസ്റ്റഡി ആവശ്യമില്ലാത്തതിനാൽ പൊലീസിന്റെ അപേക്ഷ തള്ളണമെന്നായിരുന്നു അഭിഭാഷകന്റെ ആവശ്യം.
ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് പൊലീസ് പറയുമ്പോഴും അതിന് തെളിവുകളില്ല. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ഗൂഢാലോചനാ തെളിവുണ്ടാക്കാനാണ് പൊലീസ് ശ്രമം. കാറിൽ ഒരുമിച്ച് യാത്ര ചെയ്തുവെന്നത് ഗൂഢാലോചനക്ക് തെളിവല്ലെന്നും അതിനാൽ പ്രതികളെ കസ്റ്റഡിയിൽ നൽകരുതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ ഇത് കോടതി തള്ളുകയായിരുന്നു. കൂടാതെ അപകടം മാദ്ധ്യമങ്ങൾ ആഘോഷിക്കുകയാണെന്നും മാദ്ധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.
എന്നാൽ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷൻ വാദം. 18 വയസ് കഴിഞ്ഞവരാണ് പ്രതികൾ. മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ ഭവിഷ്യത്ത് അറിയാത്തവരല്ല അവരെന്നും പ്രതികളുടെ പ്രായം കുറവാണെന്ന വാദത്തെ എതിർത്തുകൊണ്ട് പ്രോസിക്യൂഷൻ വാദിച്ചു. അപകടത്തിൽ മരിച്ചവരും സമാന പ്രായക്കാരാണെന്നും അവർക്കും സ്വപ്നങ്ങൾ ഉണ്ടായിരുന്നുവെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു.
The Angamaly Magistrate Court has remanded four accused, including Suhail Sajeev, Ninav, Joel and Ameer, to police custody until 5 pm the following day in connection with the Mini Cooper accident in Nedumbassery that killed three young men.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |