SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.47 AM IST

സന്തോഷം : ട്രെക്കിംഗിനിടെ  കാണാതായ ശരണ്യയെ കണ്ടെത്തി,​ നാലാംനാൾ പുറംലോകത്തേക്ക്

saranya

കുടക് (കർണാടക): ട്രെക്കിംഗിനിടെ തടിയൻഡമോൾ മലനിരകളിൽ വഴിതെറ്റിയിട്ടും മഴയും കോടമഞ്ഞും കൂരിരുട്ടും വകവയ്ക്കാതെ കാട്ടിൽ ഒറ്റയ്ക്ക് മൂന്നു രാത്രികൾ തരണം ചെയ്ത മലയാളി യുവതി ശരണ്യ അതിജീവനത്തിന്റെ പുതിയ മുഖം. മലനിരകളിൽ നിന്ന് ആനകൾ ഇറങ്ങിവന്ന് വെള്ളം കുടിച്ചും നീന്തിത്തുടിച്ചും പോകുന്ന അരുവിയുടെ കരയിലാണ് മൂന്ന് രാത്രികളിൽ വിശ്രമിച്ചത്. കാട്ടരുവിയിലെ വെള്ളം കുടിച്ച് വിശപ്പകറ്റുകയും രക്ഷകർ എത്തുമെന്ന് അടിയുറച്ചു വിശ്വസിക്കുകയും ചെയ്ത ശരണ്യ അല്പംപോലും പതറിയില്ല.

നാലാം ദിവസമായ ഇന്നലെ ഉച്ചകഴിഞ്ഞ് ദൗത്യ സംഘത്തിലുണ്ടായിരുന്ന പ്രദേശവാസികൾ കണ്ടെത്തുമ്പോൾ കോഴിക്കോട് നാദാപുരം സ്വദേശിയായ ജി.എസ്.ശരണ്യ (36) തുറസായ സ്ഥലത്ത് മരച്ചുവട്ടിൽ വിശ്രമിക്കുകയായിരുന്നു. മൂന്നു ദിവസമായി കേരളം മുഴുവൻ തന്നെ തെരയുകയാണെന്ന കാര്യമൊന്നും ശരണ്യ അറിഞ്ഞിരുന്നില്ല. ബേസ് ക്യാമ്പിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള കാട്ടിനുള്ളിലാണ് ശരണ്യ ഉണ്ടായിരുന്നത്.

പുറംലോകത്ത് എത്തിക്കുമ്പോൾ സമയം വൈകുന്നേരം 6.30. ഉടൻ അമ്മയെ ഫോണിൽ വിളിച്ചു.തൊട്ടടുത്ത കാക്കബെ ഗ്രാമത്തിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം മടിക്കേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കർണാടക വനംവകുപ്പ്, പൊലീസ്, നക്സൽ വിരുദ്ധസേന, ആദിവാസി വിഭാഗം, പ്രദേശവാസികൾ എന്നിവർ ഉൾപ്പെടെ 80ലധികം പേർ ഡ്രോൺ, ഡോഗ് സ്‌ക്വാഡ്, തെർമൽ സ്‌കാനർ, സിം ട്രാക്കിംഗ് എന്നിവ ഉപയോഗിച്ച് ഒന്നിലധികം സംഘങ്ങളായാണ് തെരച്ചിൽ നടത്തിയത്.


ഒറ്റയ്ക്ക് വന്നു, ഒറ്റപ്പെട്ടു ഡ്രോൺ കാത്ത് ദിവസങ്ങൾ


കൊച്ചിയിൽ സോഫ്റ്റ്‌വെയർ എൻജിനിയറായ ശരണ്യ ഏപ്രിൽ ഒന്നിന് ഒറ്റയ്ക്ക് കുടകിലെ തടിയൻഡമോൾ കൊടുമുടി കയറാൻ എത്തി. നാപ്പോക്ലുവിനടുത്തുള്ള യാവകപ്പാടി ഗ്രാമത്തിലെ ഹോംസ്റ്റേയിൽ മുറിയെടുത്തു. ഏപ്രിൽ രണ്ടിന് രാവിലെ 8.15ന് ബംഗളൂരുവിൽ നിന്നും ഹൈദരാബാദിൽ നിന്നുമുള്ള ഒൻപതു പേരടങ്ങിയ സംഘത്തോടൊപ്പം ട്രെക്കിംഗ് ആരംഭിച്ചു. കാട്ടാനശല്യം ഉള്ളതിനാൽ ഒറ്റയ്ക്ക് അനുമതി നൽകില്ല.


മടക്കയാത്രയിൽ നായ്‌ക്കൊപ്പം കളിച്ചുകൊണ്ട് ശരണ്യ താഴേക്ക് ഇറങ്ങിയപ്പോൾ, സംഘത്തിലുള്ളവർ തൊട്ടുമുകളിലായിരുന്നു. അവരുടെ അടുത്തെത്താൻ ഇടതുഭാഗത്തുകൂടി ചുറ്റിവന്നു. അപ്പോഴേക്കും ആരെയും കണ്ടില്ല.വൈകുന്നരം 6.45വരെ നടന്നു. സുഹൃത്തിനെ വിളിക്കാൻ ശ്രമിച്ചു. ഫോൺ ഓഫ് ആയി. മഴ പെയ്തു. എല്ലാം നനഞ്ഞു. രാത്രി ഉറങ്ങാൻ പറ്റിയില്ല. കൈയിൽ 500 മില്ലിയുടെ ഒരു വെള്ളക്കുപ്പി മാത്രം. ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിൽ നടത്തുമെന്ന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് ഡ്രോണിന് ദൃശ്യമാകുന്ന തുറസായ സ്ഥലത്ത് നിന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SARANYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA