SignIn
Kerala Kaumudi Online
Tuesday, 02 June 2026 1.00 AM IST

അറ്റകുറ്റപ്പണി നടത്തിയിട്ട് ഒരുവർഷം പ്രവേശനോത്സവ ദിനത്തിൽ സ്കൂൾ കെട്ടിടം തകർന്നു

odu
odu

 ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരം: ഒരുവർഷം മുമ്പ് അറ്റകുറ്റപ്പണി നടത്തിയ സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂര പ്രവേശനോത്സവ ദിനത്തിൽ തകർന്നുവീണു. ജീവനക്കാർ പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു സംഭവം. അതിനാൽ വൻഅപകടം ഒഴിവായി. അട്ടക്കുളങ്ങര ഗവ. സെൻട്രൽ സ്‌കൂൾ വളപ്പിലെ സമഗ്രശിക്ഷാകേരളം (എസ്.എസ്.കെ) ജില്ലാഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടമാണ് നിലംപതിച്ചത്. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ ഡി.ഡി.ഇയോട് റിപ്പോർട്ട് തേടി.

ഇന്നലെ വൈകിട്ട് 5.15 ഓടെയാണ് സംഭവം. 18 ജീവനക്കാരുള്ള ഓഫീസിൽ ഇന്നലെ വൈകിട്ട് ഒമ്പത് പേരാണുണ്ടായിരുന്നത്. ഇവർ പുറത്തിറങ്ങി ഗേറ്റിനടുത്ത് എത്തിയപ്പോഴാണ് വലിയ ശബ്ദത്തോടെ ഓടിട്ട മേൽക്കൂര തകർന്നുവീണത്. മേൽക്കൂരയെ താങ്ങിനിറുത്തിയിരുന്ന തടി ദ്രവിച്ചതാണ് നിലംപതിക്കാൻ കാരണമായത്. കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നശിച്ചു. ജില്ലാപ്രൊജക്ട് കോ- ഓർഡിനേറ്ററുടെ ഓഫീസ്, സിവിൽ സെക്ഷൻ തുടങ്ങിയ എസ്.എസ്.കെയുടെ വിവിധ വിഭാഗങ്ങളാണ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്.

അട്ടക്കുളങ്ങര ഗവ. സെൻട്രൽ സ്‌കൂൾ വളപ്പിലെ ക്ലാസ് മുറികളുള്ള കെട്ടിടങ്ങൾക്ക് ഫിറ്റ്‌നസ് നൽകിയിട്ടുണ്ടെന്നും ഇത് എസ്.എസ്.കെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിമായതിനാൽ ഫിറ്റ്‌നസ് പരിശോധന നടത്തിയിട്ടില്ലെന്നുമാണ് നഗരസഭ അധികൃതരുടെ വിശദീകരണം.

മേൽക്കൂരയിലെ തടികൾ മാറ്റിയില്ല

കഴിഞ്ഞ ജൂണിലാണ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തിയത്. പൈതൃക കെട്ടിടമെന്ന നിലയിൽ നവീകരണം നടത്തിയ കെട്ടിടത്തിലെ എസ്.എസ്.കെ ഓഫീസ് ജൂലായിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഉദ്ഘാടനം ചെയ്തത്. ഓടുകൾ മാറ്റുകയും പെയിന്റടിച്ച് മുഖംമിനുക്കുകയും ചെയ്‌തെങ്കിലും മേൽക്കൂരയിലെ ഓട് പാകിയിരുന്ന തടികൾ മാറ്റിയില്ല. ഇതാണ് അപകട കാരണമായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SCH00L
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA