
തിരുവനന്തപുരം:ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ഒറ്റപ്പാലം സ്വദേശി അനിൽമേനോൻ ഇന്ന് ചരിത്രം കുറിക്കും.ഇന്ത്യൻ സമയം വ്യാഴാഴ്ച വൈകുന്നേരം 6:05ന് അനിൽ മേനോന്റെ നടത്തം ആരംഭിക്കും.ഏഴുമണിക്കൂറോളം അദ്ദേഹം സ്പെയ്സ് സ്റ്റേഷന് പുറത്ത് നടക്കും.
സ്പേസ് സ്റ്റേഷനുമായി ശരീരം ബന്ധിപ്പിച്ചുകൊണ്ട് നിലയത്തിന് തൊട്ടുപുറത്ത് ഒഴുകിനീങ്ങുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്.സ്പെയ്സ് സ്റ്റേഷനിലെ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പുറത്തിറങ്ങുന്നത്.
ജൂലായ് 14ന് അന്താരാഷ്ട്ര സ്പെയ്സ് സ്റ്റേഷനിലെത്തിയ അനിൽ മേനോന്റെ ആദ്യ അനുഭവമായിരിക്കും .ബഹിരാകാശത്ത് നടന്ന് പരിചയമുള്ള ജെസീക്ക മെയറും ഒപ്പം ഉണ്ടാകും.
നിലയത്തിന്റെ കമാൻഡറായ മെയറും ഫ്‌ളൈറ്റ് എൻജിനിയറായ അനിൽ മേനോനും ക്വസ്റ്റ് എയർ ലോക്കിലൂടെ പുറത്തുവന്ന് സ്റ്റാർബോർഡ് 6 ട്രസ്സിൽ ഹാർഡ് വെയർ സ്ഥാപിക്കും. പുതിയ സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണിത്. പുതിയ സൗരോർജ പാനലുകൾക്ക് വലുപ്പവും ഭാരവും കുറവാണെങ്കിലും നിലവിലെ പാനലുകളേക്കാൾ കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും.ബഹിരാകാശ നിലയത്തിനുള്ളിൽ നാസ ബഹിരാകാശ യാത്രികൻ ജാക്ക് ഹാതവേയും യൂറോപ്യൻ സപേസ് ഏജൻസി യാത്രിക സോഫി അഡെനോട്ടും ഇവർക്കുവേണ്ട സഹായങ്ങൾ നൽകും.
ഒരു ഇന്ത്യൻ പൗരനും ഇതുവരെ ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ല.മലയാളിയാണെങ്കിലും അമേരിക്കൻ പൗരനാണ് അനിൽ മേനോൻ.ഇന്ത്യൻ പൗരനായ ശുഭാംശു ശുക്ള സ്പെയ്സ് സ്റ്റേഷനിൽ പോയിട്ടുണ്ടെങ്കിലും അവിടെ നടന്നിട്ടില്ല. മുൻപ് ഇന്ത്യൻ വംശജരായ സുനിതാവില്യംസ്, രാജാചാരി എന്നിവർ ബഹിരാകാശത്ത് നടന്നിട്ടുണ്ട്. ആഗസ്റ്റ് 13,25 തീയതികളിലും അനിൽമേനോൻ ബഹിരാകാശത്ത് നടക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |