SignIn
Kerala Kaumudi Online
Thursday, 24 September 2026 8.14 AM IST

ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ തൊഴിലാളിക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു, രക്ഷാപ്രവർത്തനത്തിന് 30 അംഗ സംഘം

READ ENGLISH VERSION
search

തിരുവനന്തപുരം: തലസ്ഥാനത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ തൊഴിലാളി ജോയിക്കുവേണ്ടിയുള്ള തിരച്ചിൽ പുനഃരാരംഭിച്ചു. ഇന്ന് പുലർച്ചെയോടെയാണ് രണ്ടാംദിവസത്തെ രക്ഷാപ്രവർത്തനം തുടങ്ങിയത്. എൻഡിആർഎഫിന്റെ ( നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്സ് ) നേതൃത്വത്തിൽ മുങ്ങൽ വിദഗ്ദ്ധർ ഉൾപ്പടെയുള്ള മുപ്പതംഗ സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇതിനൊപ്പം റോബോട്ടിനെ ഉപയോഗിച്ചുള്ള പ്രവർത്തനവും തുടരും. തോട്ടിൽ ചെളിയും മാലിന്യവും കുമിഞ്ഞുകൂടിയിരിക്കുകയാണെന്നാണ് എൻഡിആർഎഫ് സംഘം പറയുന്നത്.

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം അധികൃതർ അവസാനിപ്പിച്ചിരിക്കുകയാണ്. റെയിൽവേയുടെ പ്രവർത്തനങ്ങളെ ബാധിക്കും എന്നതിനാലാണിത്. പുലർച്ചെ മൂന്നുമണിയോടെ നിരവധി ട്രെയിൻ സർവീസുകൾ എത്തുന്നതിനാൽ മൂന്നാം നമ്പർ പ്ളാറ്റ്‌ഫോമിൽ അടക്കം ഒരുതരത്തിലുള്ള പ്രവർത്തനവും പാടില്ലെന്ന് റെയിവേ അറിയിച്ചിരുന്നു.

തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനടിയിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം മാറ്റാൻ ശ്രമിക്കവെ മാരായമുട്ടം മലഞ്ചെരുവ് വീട്ടിൽ നേശമണിയുടെയും മേരിയുടെയും മകൻ എൻ.ജോയിയെ (45) ഇന്നലെ രാവിലെ 11.30 മുതലാണ് കാണാതായത്. റെയിൽവേയുടെ കരാറുകാരൻ എത്തിച്ച തൊഴിലാളിയാണ്. ശക്തമായ മഴയെ തുടർന്ന് തോട്ടിലുണ്ടായ വെള്ളപ്പാച്ചിലാണ് അപകടകാരണമായത്.

തമ്പാനൂർ ഇന്ത്യൻ കോഫി ഹൗസിന് എതിർഭാഗത്തെ റെയിൽവേ പാഴ്സൽ ഓഫീസിനു സമീപത്തുകൂടി റെയിൽവേ കോമ്പൗണ്ടിലൂടെ ഒഴുകുന്ന തോടാണിത്. രാവിലെ 8 മണിയോടെ പവർഹൗസ് റോഡിനു സമീപത്തെ തോടിന്റെ ഭാഗം വൃത്തിയാക്കിയ ശേഷമാണ് ഇവിടെയെത്തിയത്. പ്ലാസ്റ്റിക് മാലിന്യം ചാക്കിൽ കോരിമാറ്റുന്നതിനിടെ വെള്ളം ശക്തമായി ഒഴുകിവരുന്നതുകണ്ട് കരയിലുണ്ടായിരുന്ന സൂപ്പർവൈസർ കുമാർ, കരയ്ക്കുകയറാൻ ആവശ്യപ്പെട്ടു.

ഇതിനിടെ ഒഴുക്കിന്റെ ശക്തിയിൽ ജോയി കാലിടറി ടണലിലേക്ക് പതിച്ചു. കുമാർ കയർ എറിഞ്ഞുകൊടുത്തെങ്കിലും ജോയിക്ക് പിടിച്ചുകയറാൻ കഴിഞ്ഞില്ല. സംഭവം നടക്കുമ്പോൾ ജോയി മാത്രമായിരുന്നു തോട്ടിലുണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികളായ തപൻദാസ്, ബിശ്വജിത് മണ്ഡൽ എന്നിവർ ഭക്ഷണം കഴിച്ചശേഷം പിറകെ വരുന്നതേ ഉണ്ടായിരുന്നുള്ളൂ.

വെല്ലുവിളിയായി മാലിന്യക്കൂമ്പാരം

ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.ബി. സുഭാഷിന്റെ നേതൃത്വത്തിലുള്ള സ്‌കൂബാ ടീം എത്തി പകൽ മുഴുവൻ അശ്രാന്തപരിശ്രമം നടത്തിയെങ്കിലും വെള്ളത്തിൽ ഒരു മീറ്ററോളം പൊക്കത്തിൽ അടിഞ്ഞുകൂടിക്കിടന്ന മാലിന്യം വെല്ലുവിളിയായി. ആദ്യ മണിക്കൂറിൽ തന്നെ സ്‌കൂബാ ടീം അംഗങ്ങൾ ഓക്സിജൻ സിലിണ്ടർ ധരിച്ച് ടണലിൽ ഏഴുമീറ്ററോളം ഉള്ളിൽ കടന്ന് പരിശോധന നടത്തി. പ്ലാസ്റ്റിക് കുപ്പികളും കവറിൽ കെട്ടിയെറിയുന്ന മാലിന്യങ്ങളും കുമിഞ്ഞുകിടക്കുന്നതിനാൽ കൂടുതൽ ഉള്ളിലേക്ക് കടക്കാനായില്ല. ഉച്ചയോടെ തോടിനോടു ചേർന്ന് സ്ഥാപിച്ച ഇരുമ്പ് ഗ്രിൽ ഇളക്കിമാറ്റി. നഗരസഭയുടെ നേതൃത്വത്തിൽ ജെ.സി.ബി എത്തിച്ച് മാലിന്യങ്ങൾ കോരിമാറ്റി. എന്നിട്ടും ഉള്ളിൽ അടിഞ്ഞുകൂടിയ മാലിന്യം കാര്യമായി നീക്കം ചെയ്യാനായില്ല. മന്ത്രി വി.ശിവൻകുട്ടി, മേയർ ആര്യാ രാജേന്ദ്രൻ, ജില്ല കളക്ടർ ജെറോമിക് ജോർജ്ജ്, ഡെപ്യൂട്ടിമേയർ പി.കെ.രാജു തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു. പൊലീസ്, നഗരസഭ ശുചീകരണ തൊഴിലാളികൾ, ആർ.പി.എഫ് തുടങ്ങിയവരെല്ലാം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SEARCH, CONTINUE, MISSING WORKDER, TRIVANDRUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA