
തിരുവനന്തപുരം:ജനശതാബ്ദി ട്രെയിനിൽ സെക്കൻഡ് സിറ്റിംഗ് കോച്ചുകളിൽ പുതിയ ബക്കറ്റ് സീറ്റുകളായതോടെ യാത്ര സുഖകരം. കുറച്ച് മാസങ്ങൾക്ക് മുമ്പ് ജനശതാബ്ദി റേക്ക് എൽ.എച്ച്ബി കോച്ചുകളിലേക്ക് മാറിയതോടെയാണ് നോൺ എ.സി കോച്ചുകളിലെ സീറ്റുകളും മാറിയത്. പഴയ ഐ.സി.എഫ് കോച്ചിലെ പുഷ്ബാക്ക് സീറ്റുകൾക്ക് പകരം മെമു ട്രെയിനുകളിലെ സീറ്റുകൾക്ക് സമാനമായി ചരിവില്ലാത്ത സീറ്റുകളാണ് പുതിയ കോച്ചുകളിൽ നൽകിയിരുന്നത്. പുഷ്ബാക്ക് ചെയ്യാനാവാത്ത 90ഡിഗ്രിയിലുളള സീറ്റുകൾ ദീർഘദൂരയാത്രക്കാരിൽ കടുത്ത നടുവേദനയ്ക്കും ശാരീരിക ബുദ്ധിമുട്ടുകൾക്കും കാരണമായി. പരാതികളും വ്യാപകമായി.
ജനശതാബ്ദിയിലെ നോൺ എ.സി.ടിക്കറ്റ് ബുക്കിംഗ് ഇടിഞ്ഞു. ഇതോടെയാണ് റെയിൽവേ സീറ്റുകൾ പരിഷ്‌ക്കരിച്ചത്.
ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ജനശതാബ്ദിക്കായി പ്രത്യേകം കോച്ചുകളാണ് നിർമ്മിച്ചിരുന്നത്.ഈ യൂണിറ്റിന്റെ പ്രവർത്തനം അവസാനിപ്പിച്ചതോടെയാണ് മെമു ട്രെയിനുകളിലെ സീറ്റുകളുടെ മട്ടിലുള്ള സീറ്റുകൾ ജനശതാബ്ദിയിലുമായത്. അതിവേഗതയിൽ കുറച്ച് സ്റ്റോപ്പുകളുമായി ദീർഘദൂരസർവ്വീസ് നടത്തുന്ന ജനശതാബ്ദിയിൽ പാസഞ്ചർ ട്രെയിനിലേത് പോലുള്ള സീറ്റുകൾ പ്രയാസമുണ്ടാക്കിയിരുന്നു. പുതിയസീറ്റുകളുള്ള ജനശതാബ്ദിയുടെ ചിത്രങ്ങൾ ദക്ഷിണറെയിൽവേ സാമൂഹ്യമാദ്ധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |