
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ വിവാദ കേസുകളിൽ പുനരന്വേഷണമടക്കം നടത്തുന്ന വി.ഡി.സതീശൻ സർക്കാർ, ഇതിഹാസ താരം മെസിയുടെ പേരിലെ വൻ തട്ടിപ്പിൽ സമഗ്രാന്വേഷണത്തിന് തീരുമാനിച്ചു. മുൻ കായിക മന്ത്രി വി.അബ്ദുറഹിമാനും പ്രൈവറ്റ് സെക്രട്ടറി സി.സത്യപാലനും അന്വേഷണ പരിധിയിലുണ്ട്.
എ.ഡി.ജി.പി പി.വിജയൻ തലവനായി എസ്.ഐ.ടി രൂപീകരിച്ചു. ഐ.ജി സതീഷ്‌ബിനോയ്, രണ്ട് എസ്.പിമാർ, 4 ഡിവൈ.എസ്.പിമാർ എന്നിവർ സംഘത്തിലുണ്ട്. കൂടുതൽ പേരെ ഉൾപ്പെടുത്തും. 200 കോടിയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. ചട്ടവിരുദ്ധമായി മന്ത്രിക്കുവേണ്ടി കത്തിടപാടുകൾ നടത്തിയത് സത്യപാലനാണ്. ഇരുവരും സ്പോൺസറും പ്രതികളായേക്കും.
കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐ.ടി രൂപീകരിച്ചത്. ഉടൻ എഫ്.ഐ.ആർ രജിസ്റ്റർചെയ്യും. 200 കോടിയുടെ സ്രോതസും പണം ചെലവിട്ടതും കള്ളപ്പണ ഇടപാടും അന്വേഷിക്കും.
അഴിമതി, വഞ്ചന, തട്ടിപ്പ് എന്നിവയുള്ളതിനാൽ അടുത്തഘട്ടത്തിൽ ക്രൈംബ്രാഞ്ച്, വിജിലൻസ് അന്വേഷണങ്ങൾക്ക് സാദ്ധ്യതയുണ്ട്. വിദേശനാണ്യ വിനിമയച്ചട്ടത്തിന്റെ ലംഘനമുള്ളതിനാൽ സി.ബി.ഐയ്ക്കും വഴിതുറന്നേക്കും. കള്ളപ്പണയിടപാടിൽ ഇ.ഡി കേസെടുത്തിട്ടുണ്ട്. ജി.എസ്.ടി വെട്ടിപ്പിൽ അന്വേഷണം പുരോഗമിക്കുകയാണ്.
എസ്.ഐ.ടി രൂപീകരിക്കാൻ മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിയോട് നിർദ്ദേശിച്ചിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർചെയ്യും മുൻപ് എസ്.ഐ.ടി രൂപീകരിക്കുന്നത് നിയമപ്രശ്നങ്ങൾക്കിടയാക്കുമെന്ന വാദമുയർന്നതോടെ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ ഉപദേശം തേടി. ഗുരുതര കുറ്റകൃത്യങ്ങൾ തെളിവുസഹിതം പുറത്തുവന്നതിനാൽ തടസമില്ലെന്നായിരുന്നു നിയമോപദേശം.
ചട്ടങ്ങൾ മറികടന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി കരാറുണ്ടാക്കാൻ സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയതാണ് മുൻ മന്ത്രിക്കുള്ള കുരുക്ക്. താത്പര്യപത്രം ക്ഷണിച്ചില്ല. വിപണിമൂല്യമോ സാമ്പത്തിക ശേഷിയോ ഫണ്ടിന്റെ ഉറവിടമോ പരിഗണിച്ചില്ല. സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനിക്ക് രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 206 കോടി രൂപ ലഭിച്ചതായും 22.68 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
ബ്ലീച്ചിംഗ് പൗഡർ, ഔഷധി
തട്ടിപ്പുകൾ വിജിലൻസിന്
മെഡിക്കൽ സർവീസസ് കോർപ്പറേഷൻ 7.32കോടിക്ക് ബ്ലീച്ചിംഗ് പൗഡർ വാങ്ങിയതിലെ അഴിമതിയന്വേഷണം വിജിലൻസിന് വിട്ടു. മന്ത്രി രമേശ്‌ചെന്നിത്തല ഇന്നലെ വിജിലൻസ് മേധാവി മനോജ് എബ്രഹാമിന് നിർദ്ദേശം നൽകുകയായിരുന്നു. മന്ത്രി കെ.മുരളീധരൻ നേരത്തേ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഔഷധി പർച്ചേസിലെ 2.4 കോടിയുടെ ക്രമക്കേടിലാണ് അന്വേഷണം വിജിലൻസിന് കൈമാറിയത്.
എക്സൈസിലും
അന്വേഷണം
ബാറുടമകളിൽ നിന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ എക്സൈസുദ്യോഗസ്ഥർ മാസപ്പടി വാങ്ങിയതിൽ വിജിലൻസ് അന്വേഷണം തുടങ്ങി. എക്സൈസ് മന്ത്രിയുടെ ശുപാർശപ്രകാരമാണിത്. ഇടനിലക്കാരനായ കരിങ്കട ജോയിക്കെതിരെയും അന്വേഷണമുണ്ട്. സസ്പെൻഷനിലായ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ എസ്.അശോക്‌കുമാറിന്റെ അനധികൃത സ്വത്തുസമ്പാദനത്തിലും അന്വേഷണം തുടങ്ങി.
മെസിയുടെ പേരിലുള്ള തട്ടിപ്പിൽ എത്രയും വേഗം റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്
-രമേശ് ചെന്നിത്തല,
ആഭ്യന്തരമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |