
ക്രമക്കേടിന് സസ്പെൻഷനിലായ വ്യക്തി
കൊച്ചി: പ്രതിസന്ധി മൂലം ആസ്‌തി വിറ്റഴിക്കേണ്ടിവന്ന പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയിൽ വിരമിച്ച ഉദ്യോഗസ്ഥന് അരലക്ഷം രൂപ വേതനത്തിൽ പുനർനിയമനം. മുൻപ് സസ്പെൻഷൻ ലഭിക്കുകയും അന്വേഷണം നേരിടുകയും ചെയ്‌ത മാർക്കറ്റിംഗ് വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് കരാർ നിയമനം നൽകിയത്. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കണ്ടുപിടിച്ച ക്രമക്കേടിലായിരുന്നു സസ്‌പെൻഷനും വിജിലൻസ് അന്വേഷണവും.
ചെയർമാൻ ഇല്ലാത്തതിനാൽ ഡയറക്‌ടർ ബോർഡ് പ്രവർത്തിക്കുന്നില്ല. ജൂലായിലാണ് പുനർനിയമനം നൽകിയത്. താത്കാലിക ചുമതലയുള്ള മാനേജിംഗ് ഡയറക്‌ടറാണ് നിയമനം നടത്തിയതെന്ന് ജീവനക്കാർ പറയുന്നു.
വയറിംഗ് കേബിളുകൾക്ക് ഓർഡർ പിടിക്കാനെന്ന പേരിൽ നടത്തിയ നിയമനത്തെ ജീവനക്കാരുടെ സംഘടനകൾ എതിർത്തിരുന്നു. നാലുവർഷമായി ഒരു കണ്ടക്‌ടർ ഓർഡർ പോലും കമ്പനിക്ക് ലഭിച്ചിട്ടില്ല. വിരമിക്കൽ ആനുകൂല്യം ലഭിക്കാത്ത ജീവനക്കാരൻ ആത്മഹത്യ ചെയ്‌തതും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
പ്രതിസന്ധി,
ബാദ്ധ്യത
വൈദ്യുതി ബോർഡുകൾക്കായി കണ്ടക്‌ടറുകൾ, വയറിംഗ് കേബിളുകൾ എന്നിവ നിർമ്മിക്കുന്ന കമ്പനിയാണ് 1964ൽ ആരംഭിച്ച ട്രാക്കോ കേബിൾ. തിരുവല്ല, കണ്ണൂർ പിണറായി, കൊച്ചി എന്നിവിടങ്ങളിലാണ് യൂണിറ്റുകൾ. കെ.എസ്.ഇ.ബിയുടെ ഓർഡറുകൾ നിലച്ചതോടെ നാലുവർഷം മുമ്പ് കമ്പനി പ്രതിസന്ധിയിലായി.
425 കോടി രൂപയുടെ ബാദ്ധ്യത മറികടക്കാൻ കൊച്ചി ഇരുമ്പനത്തെ 35.5 ഏക്കർ സ്ഥലം ഇൻഫോപാർക്കിന് 200 കോടി രൂപയ്‌ക്ക് കൈമാറി. കണ്ടക്‌ടറുകൾ നിർമ്മിക്കുന്ന തിരുവല്ല യൂണിറ്റ് പ്രവർത്തിക്കുന്നില്ല. പിണറായിയിലെ വയറിംഗ് കേബിൾ നിർമ്മാണം മാത്രമാണ് നടക്കുന്നത്.
പ്രതിസന്ധിയിൽ വലയുന്ന ട്രാക്കോയിലെ കരാർ നിയമനം അനധികൃതവും ധൂർത്തുമാണ്. സർക്കാരിനെയും വ്യവസായ വകുപ്പിനെയും വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്.
സതീഷ് കുമാർ
സെക്രട്ടറി
ട്രാക്കോ വർക്ക് മെൻ യൂണിയൻ (എ.ഐ.ടി.യു.സി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |