
തിരുവനന്തപുരം: മലിനജലം, ശുചിത്വമില്ലാത്ത ഭക്ഷണം എന്നിവയിലൂടെയാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും ശരീരത്തിലെത്തുന്നത്. വൃത്തിഹീനമായി ശീതളപാനീയങ്ങൾ തയ്യാറാക്കുന്നതും വേവിക്കാത്ത ഭക്ഷണം കഴിക്കുന്നതും രോഗത്തിന് കാരണമാകും. അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് രോഗപ്രതിരോധ ശേഷി കുറവായതിനാലും ഈ പ്രായത്തിലുള്ളവർ കൈകഴുകാതെ വിരലുകൾ വായിൽ വയ്ക്കുന്നതും പതിവായതിനാൽ പ്രത്യേക ശ്രദ്ധവേണമെന്നും ആരോഗ്യ വിദഗ്ദ്ധർ പറഞ്ഞു.
ഷിഗെല്ല ബാധിച്ച വ്യക്തി തയ്യാറാക്കുന്ന ഭക്ഷണത്തിലൂടെയും രോഗം പകരാം. സാധാരണ ശരീരത്തിലെത്തുന്ന ബാക്ടീരിയകളെ ആമാശയത്തിലുള്ള അമ്ലം നശിപ്പിക്കും. ഷിഗെല്ലയ്ക്ക് അതിനെ അതിജീവിക്കാനുള്ള കഴിവുണ്ടെന്നതാണ് അപകടം.
ഷിഗെല്ല ബാക്ടീരിയ ശരീരത്തിലെത്തി മൂന്നു ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാക്കും. സാധാരണ പനിയും വയറിളക്കവുമായിരിക്കും ലക്ഷണം. എന്നാൽ, ചിലരിൽ ഇത് വൻകുടലിനെ ബാധിച്ച് മുറിവുകളുണ്ടാക്കും. ഇതോടെ മലത്തിൽ രക്തം കാണും. കുടലിൽ മുറിവ് കൂടുന്നത് തടയാൻ അടിയന്തരമായി വൈദ്യസഹായം തേടണം.
കൃത്യമായ പരിചരണം
ഷിഗെല്ല ബാധിച്ചാൽ ഒ.ആർ.എസ് കുടിച്ച് നിർജ്ജലീകരണം ഒഴിവാക്കണം
ഡോക്ടറുടെ നിർദ്ദേശപ്രകാരം സിങ്ക് ഗുളികകൾ കഴിക്കണം
ചെറിയ കുട്ടികളിൽ ഉയർന്ന പനിയോടൊപ്പം അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങൾ കാണാറുള്ളതിനാൽ കൃത്യമായ പരിചരണം വേണം
ഭക്ഷണം തുറന്നു വയ്ക്കരുത്
ഭക്ഷണത്തിന് മുൻപും മലവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പിട്ട് നന്നായി കഴുകണം. കുട്ടികളുടെ ഡയപ്പർ മാറ്റിയാൽ ഉടൻ കൈകൾ വൃത്തിയാക്കി, ഡയപ്പർ സുരക്ഷിതമായി മറവു ചെയ്യണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. രോഗ ലക്ഷണങ്ങളുള്ളവർ മറ്റുള്ളവർക്ക് ഭക്ഷണം പാകം ചെയ്തു നൽകരുത്. ഈച്ച ഭക്ഷണത്തിലിരിക്കുന്ന സാഹചര്യമുണ്ടാകരുത്. ഭക്ഷണങ്ങൾ തുറന്നു വയ്ക്കരുത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |