
ന്യൂഡൽഹി: കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ് (സി.യു.ഇ.ടി യു.ജി) പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചികയിൽ അപാകതകളെന്ന് പരാതി. രാജ്യത്തെ കേന്ദ്ര, സംസ്ഥാന സർവകലാശാലകളിൽ ബിരുദ പ്രവേശനം നേടുന്നതിനായുള്ള പരീക്ഷയാണിത്. ഉത്തരസൂചികയിലെ ചോദ്യ ഐ.ഡിയും ഉത്തരക്കടലാസിലെ ശരിയുത്തരമുള്ള ഓപ്ഷൻ ഐ.ഡിയും ചേരുംപടി ചേരുന്നില്ലെന്നാണ് പരാതി. പരാതികൾ പരിശോധിക്കുമെന്ന് എൻ.ടി.എ പ്രതികരിച്ചു. ജൂൺ 9നാണ് പ്രൊവിഷണൽ ഉത്തരസൂചിക പുറത്തുവിട്ടത്. പിഴവുകൾ പരിഹരിച്ച ശേഷം അന്തിമ ഉത്തരസൂചിക പുറത്തുവിടുമെന്ന് അറിയുന്നു.
നിസർഗയ്‌ക്ക് കാൺപൂർ
ഐ.ഐ.ടിയിൽ ജോലി
സി.ബി.എസ്.ഇ സൈറ്റിലെ ന്യൂനതകൾ വെളിച്ചത്തു കൊണ്ടുവന്ന നിസർഗ അധികാരിക്ക് കാൺപൂർ ഐ.ഐ.ടിയിലെ സൈബർ സെക്യൂരിറ്റി ഹബ്ബിൽ ജോലി നൽകി. ഓപ്പൺ സോഴ്സ് ഇന്റലിജൻസ് ആൻഡ് ത്രെട്ട് ഇന്റലിജൻസ് എൻജിനിയറായിട്ടാണ് നിയമനം. സന്തോഷ മുഹൂർത്തമെന്ന് നിസർഗ പ്രതികരിച്ചു. 12ാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയത്തിന് ഉപയോഗിച്ച ഓൺ സ്ക്രീനിംഗ് സംവിധാനത്തിലെ (ഒ.എസ്.എം) കുഴപ്പങ്ങൾ അടക്കം നിസർഗ പുറത്തുകൊണ്ടുവന്നിരുന്നു.
രണ്ടോ മൂന്നോ തവണ
നീറ്റ് യു.ജി നടത്തണം
നീറ്റ് യു.ജി പരീക്ഷ വർഷത്തിൽ രണ്ടോ മൂന്നോ തവണ നടത്തണമെന്ന് താത്പര്യപ്പെട്ട് ആരോഗ്യ-കുടുംബക്ഷേമ കാര്യങ്ങൾക്കായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി. സമാജ്‌വാദി പാർട്ടി എം.പി രാംഗോപാൽ യാദവിന്റെ അദ്ധ്യക്ഷതയിലുള്ള സമിതി കഴിഞ്ഞദിവസം കേന്ദ്ര ആരോഗ്യ-വിദ്യാഭ്യാസ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരെയും,എൻ.ടി.എ ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തിയിരുന്നു. ഈ സമയത്താണ് നിർദ്ദേശം മുന്നോട്ടുവച്ചത്. വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ ഇതിലൂടെ സാധിക്കും. ഏതെങ്കിലും സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കുന്ന സാഹചര്യമുണ്ടായാൽ അക്കാഡമിക് വർഷം നഷ്‌ടപ്പെടുമെന്ന ഭയമില്ലാതാകും. നിർദ്ദേശം പരിശോധിക്കാമെന്ന് ഉദ്യോഗസ്ഥർ മറുപടി നൽകി. ജൂൺ 21ന് നിശ്ചയിച്ചിരിക്കുന്ന നീറ്റ് യു.ജി പരീക്ഷയുടെ തയ്യാറെടുപ്പുകളും വിശദീകരിച്ചു. ചോദ്യപേപ്പർ ചോർച്ച തുടർച്ചയാകുന്നതിൽ സമിതിയംഗങ്ങൾ ആശങ്കയറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |