
തിരുവനന്തപുരം: വാട്ടർ അതോറിട്ടി അഡ് മിനിസ്‌ട്രേറ്റീവ് ചാർജ് ഈടാക്കി തുടങ്ങിയതോടെ ടാങ്കറുകളിലെ കുടിവെള്ളത്തിന് ഉപഭോക്താക്കൾ അധിക വില നൽകേണ്ടിവരുന്നു. വാട്ടർഅതോറിറ്റിയുടെ ഫില്ലിംഗ് പോയിൻറുകളിൽനിന്ന് ടാങ്കറുകൾ ശേഖരിക്കുന്ന കുടിവെള്ളത്തിനാണ് ഓഗസ്റ്റ് ഒന്നു മുതൽ അഡ്മിനിസ്‌ട്രേറ്റീവ് ചാർജ്ജ് നിർബന്ധമാക്കിയത്. ഇക്കാര്യം ആഗസ്റ്റ് 3ന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.
കുടിവെള്ള ക്ഷാമം രൂക്ഷമായ മേഖലകളിൽ വ്യക്തികളും സ്ഥാപനങ്ങളും ടാങ്കറുകളിലെ കുടിവെള്ളത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. 2000 ലിറ്റർ കുടിവെള്ളത്തിന് 1350 രൂപയാണ് ഈടാക്കിയിരുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് ചാർജ്ജ് വന്നശേഷം 1700 രൂപയോളം ഈടാക്കുന്നു. ടാങ്കർ ലോറി ഉടമകളുടെ സംഘടനാ നേതാക്കൾ വാട്ടർ അതോറിട്ടി മാനേജിംഗ് ഡയറക്ടറെ കണ്ട് ചാർജ്ജ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ജലവിഭവമന്ത്രിയാണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു മറുപടി.
തിരുവനന്തപുരം കോർപ്പറേഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ വെള്ളമെത്തിക്കുന്ന ടാങ്കറുകളിൽ നിരക്ക് വർദ്ധിച്ചിട്ടില്ല. അഡ്മിനിസ്‌ട്രേറ്റീവ് ചാർജ്ജ് ആവശ്യം കോർപ്പറേഷൻ പരിഗണിക്കാത്തതിനാലാണിത്. പഞ്ചായത്ത് പ്രദേശങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സർവീസ് നടത്തുന്ന ടാങ്കറുകളിലും വെള്ളത്തിന് ഉയർന്ന വില നൽകേണ്ടിവരുന്നു.
ടാങ്കറുകളിൽ കുടിവെള്ളം നിറയ്ക്കാൻ കിലോ ലിറ്ററിന് 76.15 രൂപയാണ് ഈടാക്കിയിരുന്നത്. 6000 ലിറ്ററിന് 330.75 രൂപയും 6000 ലിറ്ററിന് മുകളിൽ 551.25 രൂപയും അഡ്മിനിസ്ട്രേറ്റീവ് ചാർജായി ഇപ്പോൾ നൽകേണ്ടിവരുന്നു. 2023 ഫെബ്രുവരിയിൽ ഇതിനുള്ള ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും കഴിഞ്ഞ മാസമാണ് നിർബന്ധമാക്കി പുതിയ ഉത്തരവ് ഇറങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |