SignIn
Kerala Kaumudi Online
Tuesday, 11 August 2026 3.13 AM IST

 36 ദിനമായി സമരം, നിരാഹാരം എൽ.പി അദ്ധ്യാപക ജോലിക്കായി തെരുവിൽ അഗ്നിപരീക്ഷ

a

തിരുവനന്തപുരം; ഇടതടവില്ലാതെ പായുന്ന വാഹനങ്ങളുടെ പുകയ്ക്കും പൊടിക്കും ഇടയിൽ സെക്രട്ടറിയേറ്റിന് മുന്നിൽ, എൽ.പി സ്കൂ‌ൾ ടീച്ചർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ രാപ്പകലില്ലാതെ സമരം തുടങ്ങിയിട്ട് 36 ദിനം പിന്നിട്ടു. സമരസമിതി സെക്രട്ടറി പാലക്കാട് സ്വദേശിയായ വളർമതി 12 ദിവസമായി നിരാഹാരത്തിലാണ്. ആരോഗ്യ സ്ഥിതി വളരെ മോശമാണ്. പക്ഷേ ഭരണത്തിലെത്തും മുമ്പ് ഇന്നത്തെ ഭരണപക്ഷത്തെ പലതും ഓർമ്മിപ്പിക്കാതെ, അല്ലെങ്കിൽ ശ്വാസം നിൽക്കും വരെ സമരം തുടരുമെന്നാണ് വളർമതിയുടെ പ്രതിജ്ഞ.

ഭരണത്തിലെത്തിയാൽ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്താമെന്നായിരുന്നു അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വാഗ്ദാനം. അന്ന് റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിന് നേരിട്ടും അല്ലാതെയും പിന്തുണ നൽകിയവരും കുറവല്ല. മന്ത്രിയായ അനൂപ് ജേക്കബ്, എം.പിമാരായ കെ.സി.വേണുഗോപാൽ, ഷാഫി പറമ്പിൽ അങ്ങനെ നീളും പട്ടിക. സമരപ്പന്തലിൽ തന്നെയാണ് മിക്കവരുടെയും അന്തിയുറക്കം. സന്നദ്ധസംഘടനകളും ചില പി.എസ്.സി കോച്ചിംഗ് സ്ഥാപനങ്ങളും നൽകുന്ന സഹായത്താൽ വിശപ്പു മാറ്റും.


 നാല് ജില്ലകളിൽ ഒന്നാം റാങ്കിലും നിയമനമില്ല

14 ജില്ലകളിലും എൽ.പി സ്‌കൂൾ ടീച്ചർ റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്നത് 2025 മേയ് 31 നാണ്. എല്ലാ ജില്ലയിലുമായി 11,758 പേർ ലിസ്റ്റിൽ ഉൾപ്പെട്ടു. ഒരു വർഷവും രണ്ട് മാസവും പിന്നിടുമ്പോൾ കാസർകോട്, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ ജില്ലകളിൽ ഒന്നാം റാങ്കുകാരന് പോലും നിയമനമില്ല. ആകെ 500 പേർക്ക് പോലും നിയമനം ലഭിച്ചില്ല. വിദ്യാഭ്യാസ മന്ത്രിയുമായി ആറ് തവണ ചർച്ച നടത്തി. അനുഭാവ പൂർവം പരിഹരിക്കുമെന്ന് പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ടെങ്കിലും പ്രതികരണം ആശാവഹമായിരുന്നില്ല.


3 ആവശ്യങ്ങൾ പ്രധാനം

1. ഡിവിഷൻ കുറവ് ഉണ്ടാകുന്ന പ്രൈമറി സ്‌കൂളുകളിലെ അദ്ധ്യാപക വിദ്യാർത്ഥി അനുപാതം 1:30ൽ നിന്ന് 1:25 ആക്കുക

2. ഹെഡ്മാസ്റ്റർമാരെ ക്ലാസ് ചാർജിൽ നിന്ന് ഒഴിവാക്കുക

3. എയ്ഡഡ് സ്‌കൂളിൽ ഡിവിഷൻ കുറയുന്നത് മൂലം ജോലി നഷ്‌ടപ്പെടുന്നവരെ സർക്കാർ സ്‌കൂളിൽ നിയമിക്കാതിരിക്കുക

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEACHERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA