SignIn
Kerala Kaumudi Online
Thursday, 24 September 2026 1.36 PM IST

ജനരോഷം തണുപ്പിക്കാൻ പിഴത്തുക പകുതിയാക്കാൻ കേരളം, മദ്യപിച്ച് വാഹനം ഓടിച്ചാൽ വിട്ടുവീഴ്‌ചയില്ല

traffic-fine-

തിരുവനന്തപുരം : ഗതാഗത നിയമലംഘനത്തിന് വർദ്ധിപ്പിച്ച പിഴ ഈടാക്കുന്നതിനെതിരെ രാജ്യവ്യാപകമായി പരാതികൾ ഉയരുന്ന സാഹചര്യത്തിൽ ആശ്വാസ നടപടികളുമായി കേരള സർക്കാർ. വർദ്ധിപ്പിച്ച പിഴ തുക പകുതിയായി കുറയ്ക്കാൻ സർക്കാർ തീരുമാനിക്കുന്നതായിട്ടാണ് ലഭിക്കുന്ന വിവരം. ഹെൽമറ്റ് വയ്ക്കാതിരിക്കൽ, സീറ്റ് ബെൽറ്റ് ഇടാതെയുള്ള വാഹനയാത്ര തുടങ്ങിയ നിസാര കുറ്റങ്ങൾക്കുള്ള വർദ്ധിപ്പിച്ച പിഴ തുക ആയിരത്തിൽ നിന്നും അഞ്ഞൂറാക്കി കുറച്ചേക്കും. അതേസമയം മദ്യപിച്ച് വാഹനമോടിക്കുന്നവർക്കുള്ള പിഴതുക കുറയ്‌ക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നവരുടെ പിഴ 5,000 രൂപയിൽ നിന്ന് 3,000 ആക്കും.

ഉയർന്ന പിഴതുക സംസ്ഥാനത്ത് ഏർപ്പെടുത്തിയതോടെ കടുത്ത എതിർപ്പാണ് പൊതുജനത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ആദ്യത്തെ നാലു ദിവസങ്ങൾ കൊണ്ടുതന്നെ നാൽപ്പത്തിയാറ് ലക്ഷമാണ് സംസ്ഥാനത്ത് പിഴയൊടുക്കിയത്. കടുത്ത പിഴ ഈടാക്കുന്നതിനെതിരെ ഭരണകക്ഷിയായ സി.പി.എം നേരിട്ട് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് വിശദീകരണവുമായി സർക്കാർ ജനരോഷം തണുപ്പിക്കാനെത്തിയത്. മോട്ടർ വാഹന നിയമ ഭേദഗതിയിൽ കേന്ദ്രസർക്കാരിൽ നിന്നു വ്യക്തത വരുന്നതുവരെയാണ് ഉയർന്ന പിഴ ഒഴിവാക്കുന്നത്. അതുവരെ ഉയർന്ന പിഴത്തുക ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. പിഴതുക പകുതിയായി വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള തീരുമാനങ്ങളടങ്ങിയ ഉത്തരവ് അടുത്ത മന്ത്രിസഭായോഗത്തിനു ശേഷം പുറത്തുവിടും.

അതേസമയം ഉയർന്ന പിഴത്തുകയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നതോടെ തുക വെട്ടിക്കുറയ്ക്കുന്നതിനെകുറിച്ചുള്ള തീരുമാനം അതാത് സംസ്ഥാനങ്ങൾക്കെടുക്കാമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിരുന്നു. ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്ര, ബീഹാർ, ഗോവ സർക്കാരുകളും ഉയർന്ന പിഴ ഈടാക്കുന്നതിനെതിരെ എതിർപ്പ് കേന്ദ്രത്തെ അറിയിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROAD, MOTOR VEHICLE ACT, TRAFFIC FINE, KERALA POLICE, MINISTER AK SASEENDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA