SignIn
Kerala Kaumudi Online
Tuesday, 11 August 2026 1.10 AM IST

ഭരണംമാറിയപ്പോൾ സ്ഥലംമാറ്റി ഹെൽത്ത്‌ ഇൻസ്‌പെക്ടർ കുഴഞ്ഞുവീണ്‌ മരിച്ചു മൂന്നുമാസമായി ചികിത്സയിൽ

ph-1
ദീപലേഖ

കണ്ണൂർ: ഭരണം മാറിയതിനെത്തുടർന്ന് സ്ഥലംമാറ്റപ്പെട്ട ഹെൽത്ത്‌ ഇൻസ്‌പെക്ടർ പഞ്ചായത്ത് ഓഫീസിൽ കുഴഞ്ഞുവീണ്‌ മരിച്ചു. ചൊക്ലി കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ വടകര മേപ്പയിൽ ശ്രീസ്ഥയിൽ ആർ.ദീപലേഖയാണ് (52) മരിച്ചത്. പ്രഭാതനടത്തത്തിനിടെ വാഹനമിടിച്ചുണ്ടായ അപകടത്തിൽ കാലിന്റെ എല്ലുകൾ തകർന്ന്‌ മാസങ്ങളായി ചികിത്സയിലായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് ചൊക്ലി പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി യോഗത്തിനു മുൻപ് സ്ഥലംമാറ്റം സംബന്ധിച്ചുള്ള പ്രയാസം സ്ഥിരംസമിതി ചെയർമാനോട്‌ സംസാരിക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. ആഴ്‌ചകൾക്ക്‌ മുമ്പ് പുറത്തിറങ്ങിയ കരട്‌ പട്ടികയിൽ ദീപലേഖയെ മട്ടന്നൂരിലേക്ക്‌ സ്ഥലംമാറ്റിയിരുന്നു. തുടർന്ന് ഭർത്താവുമായി ജൂലായ് 30ന്‌ കളക്ടറേറ്റിലെത്തി ഡി.എം.ഒ വിവേക്‌ കുമാറിനോട്, യാത്രയ്‌ക്കും നടക്കാനും നിൽക്കാനുമുള്ള പ്രയാസങ്ങൾ നേരിൽ ബോദ്ധ്യപ്പെടുത്തി. എന്നാൽ, തിങ്കളാഴ്‌ച രാവിലെ പുറത്തിറങ്ങിയ പട്ടികയിൽ പിണറായി സി.എച്ച്.‌സിയിലേക്ക്‌ മാറ്റി. ഇതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു.

മൂന്നുമാസം ചികിത്സയിലായിരുന്ന ദീപലേഖ മൂന്നാഴ്‌ച മുമ്പാണ്‌ തിരികെ ജോലിയിൽ പ്രവേശിച്ചത്‌. മുഖമിടിച്ച് നിലത്തു വീണ ദീപലേഖയെ ഉടൻ തൊട്ടടുത്തെ ചൊക്ലി മെഡിക്കൽ സെന്ററിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഫെബ്രുവരിയിലാണ്‌ ചൊക്ലി എഫ്‌.എച്ച്‌.സിയിലേക്ക്‌ ദീപലേഖ സ്ഥലംമാറിയെത്തിയത്‌. അഞ്ചുമാസം തികയും മുമ്പാണ്‌ മാനദണ്ഡങ്ങളെല്ലാം ലംഘിച്ച്‌ വീണ്ടും സ്ഥലം മാറ്റം. നാടകസംവിധായകൻ സുരേഷ്‌ബാബുവാണ് ഭർത്താവ്. മകൾ: അമ്മലു ലക്ഷ്‌മി (എൻജിനിയർ, സ്‌നൈഡർ ബംഗളൂരു).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRANSFER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA