
കോട്ടയം : മതേതരത്വം പറയുകയും മതാധിപത്യത്തിന് കുടപിടിക്കുകയും ചെയ്യുന്ന നിലപാടാണ് മുൻ സ്പീക്കർ എ.എൻ. ഷംസീർ സ്വീകരിച്ചതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറം വിഷയത്തിൽ തന്റെ പരാമർശം പ്രതിരോധിച്ചതിൽ പാർട്ടിയുടെ 'ഊക്ക് പോരാ" എന്നാണ് ഷംസീർ പറഞ്ഞത്. സി.പി.എമ്മുകാരനാണെന്ന് പറയുമ്പോഴും ഷംസീറിന്റെ മനസ് മുസ്ളിംലീഗിനൊപ്പമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. പദ്മഭൂഷൺ ലഭിച്ച വെള്ളാപ്പള്ളിക്ക് കേരളകൗമുദി കോട്ടയം യൂണിറ്റ് നൽകിയ ആദരവ് ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്നാക്ക വിഭാഗങ്ങളെ സംഘടിപ്പിച്ചതിനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ മൈക്രോഫിനാൻസിലൂടെ കൂട്ടിയിണക്കിയതിനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ച് വിദ്യാഭ്യാസ മേഖലയിൽ ഇടപെട്ടതിനുമാണ് അംഗീകാരം ലഭിച്ചതെങ്കിൽ, പദ്മഭൂഷൺ തനിക്കു മാത്രമല്ല, തന്നോടൊപ്പം പ്രവർത്തിച്ച സമുദായ പ്രവർത്തകരായ ഓരോരുത്തർക്കും ലഭിച്ച അംഗീകാരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വെള്ളാപ്പള്ളിയുമായുള്ള ആത്മബന്ധവും സൗഹൃദബന്ധവും ഏറെ ആഴത്തിലുള്ളതാണ്. സഹോദര തുല്യനായ അദ്ദേഹത്തെ ആദരിക്കുകയെന്നത് ഉത്തരവാദിത്വവും ജീവിതത്തിലെ സന്തോഷകരമായ നിമിഷവുമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണഗുരുവിന്റെ മഹത്തായ മാനവിക ദർശനം ഏറ്റെടുത്ത് പ്രാവർത്തികമാക്കുന്നതിൽ അക്ഷീണം പ്രവർത്തിച്ച വ്യക്തിത്വവും സമുദായത്തിന്റെ അവകാശങ്ങളും ആവശ്യങ്ങളും ചോദിച്ച് വാങ്ങുന്നതിൽ തന്റേടം കാണിച്ച സമുദായ നേതാവുമാണ് വെള്ളാപ്പള്ളി നടേശനെന്ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണത്തിൽ പറഞ്ഞു. എസ്.എൻ ട്രസ്റ്റ് ബോർഡം മെമ്പർ പ്രീതി നടേശൻ ഭദ്രദീപം തെളിച്ചു. ഫാ.ജോർജ് കോർ എപ്പിസ്‌കോപ്പ ദൈവദശകം ചൊല്ലി. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. പ്രത്യേക ലേഖകൻ വി.ജയകുമാർ മുഖ്യപ്രസംഗം നടത്തി. ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ സ്വാഗതവും, സീനിയർ മാർക്കറ്റിംഗ് മാനേജർ പി.ബി. ശ്രീജിത്ത് നന്ദിയും പറഞ്ഞു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച അഡ്വ. കൃഷ്ണദാസ്, കെ.കെ. ഗോപി, സോമൻ ഇഞ്ചാനാൽ, ടി.ഡി. ദിനേശൻ, പി.എസ്. അശോക് കുമാർ, ഉമേഷ് ശശിധരൻ എന്നിവരെ വെള്ളാപ്പള്ളി നടേശൻ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |