
കൊല്ലം: ശ്രീനാരായണ ഗുരുദേവൻ ഓടിക്കളിച്ച് വളർന്ന ചെമ്പഴന്തി ഗുരുകുലത്തിലെ വയൽവാരം വീട്ടിൽ ഓർമ്മകളുടെ കൈ പിടിച്ച് മൂന്ന് സഹോദരിമാർ. മുറ്റം തൂത്തും മാറാലകൾ നീക്കിയും ചെടികൾ നനച്ചും അവർ ഗുരുവിന്റെ ജന്മഗൃഹത്തെ പരിചരിക്കുന്നു. ജീവിത സന്ധ്യയിൽ അപൂർവമായൊരു സാഫല്യം കണ്ടെത്തുകയാണ് വാസന്തിയും (85) ശാരദയും (82) ഇന്ദിരയും (79). ഗുരുദേവന്റെ സഹോദരി മാതയുടെ മകളായ ഭഗവതിയുടെ മകൾ നളിനിയുടെ മക്കളാണിവർ. മൂവരും ഒത്തുചേർന്നാൽ ആ തിരുമുറ്റത്ത് തുറക്കുന്നത് ഗുരുദേവ കുടുംബത്തിന്റെ അപൂർവ വിശേഷങ്ങളിലേക്കും ബാല്യകാല കഥകളിലേക്കുമുള്ള വാതിലുകൾ. ഇന്ദിര ദിവസവും വയൽവാരം വീട്ടിലെത്താറുണ്ട്. വാസന്തിയും ശാരദയും ഒഴിവ് സമയങ്ങളിലും. പ്രാർത്ഥനയും , ഗുരുദേവന്റെ ജന്മഗൃഹ പരിപാലനവുമാണ് സന്തോഷം. കഴിഞ്ഞ ചതയ ദിനത്തിൽ വയൽവാരം വീടിന്റെ ചുവരുകൾ ചാണകം മെഴുകി ഭംഗിയാക്കിയത് ഇന്ദിരയുടെ നേതൃത്വത്തിലാണ്.
വേരുകൾ ഉറച്ച മണ്ണ്
നളിനിയുടെ എട്ട് മക്കളിൽ മൂത്തയാളായ ലളിത (90) കഴിഞ്ഞ ജൂലായിലാണ് മരിച്ചത്. ഗുരുകുലത്തിൽ ദീർഘനാൾ സേവനമനുഷ്ഠിച്ചു. മോഹനനും ഹരിദാസും നേരത്തേ വിടവാങ്ങി. മറ്റ് സഹോദരങ്ങൾ അനിതയും സനൽ കുമാറുമാണ്. ഗുരുകുലത്തിലെ ജീവനക്കാരനായിരുന്ന സനൽകുമാർ രോഗബാധിതനായി കിടപ്പിലാണ്. ശിവഗിരിയിൽ നിന്നാണ് ഭക്ഷണമെത്തിക്കുന്നത്. നളിനിക്ക് ആറ് ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് അമ്മ ഭഗവതി മരിക്കുന്നത്. 11 വയസു വരെ നളിനി വളർന്നത് ഗുരുദേവന്റെ ജന്മഗൃഹത്തിൽ. പവിത്രമായ കുടുംബ ബന്ധത്തിന്റെ തുടർച്ചയാണ് ഈ മുത്തശ്ശിമാർ.
ഗുരുകുലം മിഡിൽ സ്കൂളിൽ 33 വർഷം ഹിന്ദി അദ്ധ്യാപികയായി വിരമിച്ചയാളാണ് ചെമ്പഴന്തി ഉദയഗിരിയിൽ പരേതനായ വിശ്വനാഥന്റെ ഭാര്യയായ വാസന്തി. ചെമ്പഴന്തി ഉഷസിൽ പരേതനായ ദിവാകരന്റെ ഭാര്യയാണ് ശാരദ. പരേതനായ പൊന്നപ്പന്റെ ഭാര്യയാണ് ഇന്ദിര. ലളിതയും ഇന്ദിരയും 'കുട്ടിയമ്മ' ഭവനത്തിലാണ് താമസിച്ചിരുന്നത്. ഗുരുദേവന്റെ പല്ല് മുംബയിൽ പ്രദർശിപ്പിച്ച ചടങ്ങിൽ ഇന്ദിരയും പങ്കെടുത്തിരുന്നു. ലളിതമായി ജീവിക്കാനാണ്
ഇവർക്ക് താത്പര്യം. ഇഷ്ടം ഗുരുദേവന്റെ ജന്മഗൃഹം കാണാനെത്തുന്നവർക്ക് മുന്നിൽ മനസ് തുറക്കാനും .
'ഇവിടെയിരിക്കുമ്പോൾ കിട്ടുന്ന സമാധാനം മറ്റെവിടെയുമില്ല. ഗുരുദേവന്റെ അനുഗ്രഹമാണ് ഞങ്ങളുടെ വെളിച്ചം"
-വാസന്തി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |