
കൊല്ലം: വയോജന വകുപ്പിന്റെ ഭാഗമായി മുതിർന്ന പൗരന്മാർക്ക് നിയമസംരക്ഷണം നൽകാൻ നിയമം നിർമ്മിക്കാനുള്ള ചർച്ചകൾ സർക്കാർ ആരംഭിച്ചതായി മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു.സീനിയർ ജേർണലിസ്‌റ്റ്‌സ് ഫോറം കേരളയുടെ പതിമൂന്നാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുതിർന്ന പൗരന്മാരെ കൂടുതൽ ക്രിയാത്മകമാക്കുകയെന്ന ലക്ഷ്യം കൂടി മുൻനിറുത്തിയാണ് സംസ്ഥാന സർക്കാർ വയോജന വകുപ്പ് രൂപീകരിച്ചത്.വർഷങ്ങളായി സംസ്ഥാനത്ത് പെൻഷൻ കമ്മിറ്റി ചേരാത്ത അവസ്ഥയാണ്.എത്രയും പെട്ടെന്ന് പെൻഷൻ കമ്മിറ്റി പുനഃസംഘടിപ്പിച്ച് യോഗം ചേരും. കമ്മിറ്റിയുടെ ശുപാർശ അടിസ്ഥാനമാക്കി പത്രപ്രവർത്തക പെൻഷൻ വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും.ചികിത്സാ പദ്ധതി ഉണ്ടാക്കി പത്രപ്രവർത്തകരെയും വിരമിച്ചവരെയും അതിന്റെ ഭാഗമാക്കും.ജെറിയാട്രിക് കെയർ ഉൾപ്പടെയുള്ള സംവിധാനം സർക്കാർ ആശുപത്രികളിൽ ആരംഭിക്കും.മാദ്ധ്യമ പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും തമ്മിലുള്ള വ്യക്തിബന്ധം ശക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫോറം സംസ്ഥാന പ്രസിഡന്റ് അലക്‌സാണ്ടർ സാം അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി.സി.വിഷ്ണുനാഥ്, അഡ്വ. ബിന്ദുകൃഷ്ണ, സ്വാഗതസംഘം ചെയർമാനായ കൊല്ലം മേയർ എ.കെ.ഹഫീസ്, ബി.ബി.ഗോപകുമാർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലതാദേവി, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ് ഡി.ജയകൃഷ്‌ണൻ, ജനറൽ കൺവീനർ എസ്.സുധീശൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |