
തിരുവനന്തപുരം: വിദ്യാഭ്യാസത്തിന്റെ പ്രധാന കേന്ദ്രമായി കേരളത്തെ മാറ്റുകയാണ് യു.ഡി.എഫ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും കേരളത്തിൽ ഒരുക്കാനുള്ള നടപടികൾ തുടങ്ങും. പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഗണ്യമായി ഉയർന്നിട്ടുണ്ട്. ശാസ്ത്രബോധവും യുക്തിചിന്തയും സമൂഹത്തിൽ വളർത്തുന്നതിന് ജവഹർലാൽ നെഹ്റുവിന്റെ പേരിൽ 'സെന്റേഴ്സ് ഒഫ് സയന്റിഫിക് ടെംപർ' ആരംഭിക്കും.
മഴ നനഞ്ഞ് സ്‌കൂളിൽ പോയിരുന്ന കാലം മുഖ്യമന്ത്രി ഓർത്തെടുത്തു. ഇത്തവണ സ്‌കൂൾ തുറന്നപ്പോൾ മഴയില്ലാത്തത് സങ്കടകരമാണ്. ഈ വർഷത്തെ അക്കാഡമിക് കലണ്ടർ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. വിദ്യാഭ്യാസ രംഗത്തുള്ളതാണ് ഏറ്റവും വലിയ നിക്ഷേപമെന്ന് അദ്ധ്യക്ഷത വഹിച്ച പൊതു വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ പറഞ്ഞു. ഒന്നാം ക്ലാസിൽ പുതുതായി ചേർന്ന കുട്ടികൾക്ക് മന്ത്രി മധുരം നൽകി. മന്ത്രി കെ. മുരളീധരൻ മുഖ്യാതിഥിയായി. മേയർ വി.വി. രാജേഷ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ്, ഡയറക്റടർ ആസിഫ് കെ.യൂസഫ് എന്നിവരും സംസാരിച്ചു.
സ്‌കൂളിൽ ആഴ്ചയിൽ ഒരിക്കൽ കളർവസ്ത്രം: മന്ത്രി എൻ.ഷംസുദ്ദീൻ
തിരുവനന്തപുരം: സ്‌കൂളിൽ ആഴ്ചയിൽ ഒരു ദിവസം കളർ വസ്ത്രം അനുവദിക്കുന്നത് പരിഗണിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ. തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ ദ പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ സർക്കാറിന്റെ പരിഷ്കരണങ്ങളിൽ തർക്കവും നടപ്പാക്കാൻ ബുദ്ധിമുട്ടുള്ളതുമായ പദ്ധതികളിലേ പുനഃപരിശോധനയുണ്ടാകൂ. വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്താൻ നടപടിയുണ്ടാകും. ഖാദർ കമ്മിറ്റി റിപ്പോർട്ട് അനുസരിച്ച് നടപ്പാക്കിയ കാര്യങ്ങൾ തത്കാലം മാറ്റില്ല.
ദേശീയതലത്തിലെ ഘടനയ്ക്ക് അനുസരിച്ച് മാറ്റം വരുത്തുമ്പോൾ നിരവധി പ്രശ്നങ്ങളുണ്ടാകും. അഞ്ചാം ക്ലാസ് എൽ.പി.വിഭാഗത്തിനൊപ്പവും 8ാം ക്ലാസ് യു.പി.വിഭാഗത്തിനൊപ്പവും ചേർക്കണമെങ്കിൽ കൂടുതൽ അടിസ്ഥാന സൗകര്യം വേണം. അദ്ധ്യാപക വിന്യാസവും വേണ്ടി വരും. എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾ പി.എസ്.സി വഴിയാക്കണമെന്ന നിർദ്ദേശത്തിൽ അഭിപ്രായം പറയാനില്ല. പി.എം.ശ്രീയിലുള്ള യു.ഡി.എഫിന്റെ നിലപാട് സുവ്യക്തമാണ്. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഇത് മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കും. കുട്ടികളെ മാറ്റിനിറുത്താനല്ല ആർത്തവ അവധി. സെൻസസ് ജോലിയുള്ള അദ്ധ്യാപകരുടെ സ്ഥലം മാറ്റം കേന്ദ്രം തടഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |