SignIn
Kerala Kaumudi Online
Friday, 25 September 2026 2.01 PM IST

വാക്സിനെടുക്കാതെ വിദ്യാർത്ഥികളുടെ ജീവൻ അപടത്തിലാക്കുന്ന അദ്ധ്യാപകർക്ക് എല്ലാ ആഴ്ചയും 'കൊവിഡ് ടെസ്റ്റിട്ട്' സർക്കാരിന്റെ ചൂരൽകഷായം

covid-test

തിരുവനന്തപുരം : ആരോഗ്യകാരണങ്ങൾക്ക് പുറമേ മതപരമായ കാരണങ്ങളാലും മറ്റും വാക്സിനെടുക്കാൻ മടികാട്ടുന്നവരിൽ അദ്ധ്യാപകരുമുണ്ടെന്നത് സർക്കാർ ഗൗരവത്തോടെയാണ് സ്വീകരിച്ചത്. പ്രത്യേകിച്ച് പുതിയ കൊവിഡ് വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ ഭീതി പടർത്തവേ വാക്സിൻ സ്വീകരിക്കാത്ത അദ്ധ്യാപകർക്കെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പിന് മേൽ സമ്മർദ്ദവുമുണ്ടായിരുന്നു. ഇന്ന് നടന്ന അവലോകന യോഗത്തിൽ വാക്സിനെടുക്കാത്ത അദ്ധ്യാപകർ ഓരോ ആഴ്ചയും ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന നിർദ്ദേശമാണ് ഉയർന്നത്. അദ്ധ്യാപകർ സ്വന്തം ചിലവിൽ പരിശോധന നടത്തണമെന്നും സർക്കാർ തീരുമാനമെടുത്തിരിക്കുകയാണ്. സ്‌കൂളിൽ എത്തുന്ന വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനം.

അതേസമയം അലർജി ഉൾപ്പടെയുള്ള ആരോഗ്യകാരണങ്ങളാൽ വാക്സിൻ എടുക്കാത്തവർ സർക്കാർ ഡോക്ടറിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങി നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂളിൽ അദ്ധ്യാപകരും അനദ്ധ്യാപകരും രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കുമെന്നാണ് വിദ്യാർത്ഥികളെ അയക്കുവാനായി രക്ഷിതാക്കൾക്ക് സർക്കാർ മുൻപ് നൽകിയിരുന്ന ഉറപ്പ്.

വാക്സിൻ സ്വീകരിക്കാത്ത അദ്ധ്യാപകർക്കെതിരെ നടപടിയെടുക്കുമെന്ന് നേരത്തേ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. വാക്സിനെടുക്കാത്ത അദ്ധ്യാപകരുടെ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. വാക്സിൻ എടുക്കാത്തവരെ യാതൊരു തരത്തിലും പ്രോത്സാഹിപ്പിക്കുകയില്ല. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ആരോഗ്യസമിതിയുടെ റിപ്പോർട്ട് സമർപ്പിക്കണം.

സ്‌കൂൾ അദ്ധ്യാപകരിൽ അയ്യായിരത്തോളം പേർ ഇനിയും വാക്സിനെടുക്കാത്തതാണ് സർക്കാരിനെ കർശന നടപടികളിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. സ്‌കൂളുകൾക്ക് പുറമേ പൊതുജനങ്ങളുമായി ഇടപെടുന്ന സർക്കാർ ഓഫീസിൽ ജോലി ചെയ്യുന്നവർക്കും ഈ നിയന്ത്രണം ബാധകമാണ്. ഈ നിയന്ത്രണങ്ങൾക്ക് പുറമേ വാക്സിനെടുക്കാത്തവർക്ക് കൊവിഡ് വന്നാൽ ചികിത്സ സൗജന്യമായിരിക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALLERGY, SCHOOL TIME, COOVID RESTRICTIONS, TEACHERS, KERALA TEACHERS COVID, COVIDTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA