
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾ നൽകിയ വിഭവങ്ങളാൽ സ്കൂൾ കലോത്സവത്തിന്റെ കലവറ നിറയ്ക്കൽ ചടങ്ങ് ഇന്നലെ നടന്നു. പന്ത്രണ്ട് ബി.ആർ.സിയിൽ നിന്നെത്തിയ വിഭവങ്ങൾ സംഘാടക സമിതി ചെയർമാൻ ജി.ആർ.അനിൽ ഏറ്റുവാങ്ങി. മേയർ ആര്യാരാജേന്ദ്രൻ കലവറ നിറയ്ക്കൽ ചടങ്ങ് നിർവഹിച്ചു. പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ ഭക്ഷണക്കമ്മിറ്റി ചെയർമാൻ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എ.നജീബ് സ്വാഗതം പറഞ്ഞു.പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് ആശംസയർപ്പിച്ചു. 12 ബി. ആർ.സികളിൽ നിന്നായി 900 ത്തിലേറെ സ്കൂളുകൾ വിഭവസമാഹരണത്തിൽ പങ്കാളികളായി. ലോറികളിലും സ്‌കൂൾ ബസുകളിലുമാണ് സാധനങ്ങൾ പുത്തരിക്കണ്ടത്ത് എത്തിയത്. അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിഭവങ്ങളുടെ തരംതിരിക്കലും ഇന്നലെ നടന്നു. ഇന്ന് രാവിലെ 10.30 ന് മന്ത്രി വി. ശിവൻകുട്ടി പാചകപ്പുരയിൽ പാലുകാച്ചും. തുടർന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ വക പായസവിതരണം ഉണ്ടായിരിക്കും.
ഭക്ഷണപ്പന്തൽ പുത്തരിക്കണ്ടത്ത്
പുത്തരിക്കണ്ടം മൈതാനത്താണ് ഭക്ഷണപ്പന്തൽ. പഴയിടം മോഹനൻ നമ്പൂതിരിക്കാണ് ഊട്ടുപുരയുടെ ചുമതല. ഒരേസമയം 20 വരികളിലായി നാലായിരം പേർക്ക് പന്തലിൽ ഭക്ഷണം കഴിക്കാം. ഇന്ന് രാത്രി ഭക്ഷണത്തോടെ ഊട്ടുപുര പ്രവർത്തനമാരംഭിക്കും.
പിന്തുണയുമായി ട്രേഡ് യൂണിയനുകൾ
63ാമത് സ്‌കൂൾ കലോത്സവ നടത്തിപ്പിന് പിന്തുണ പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകൾ. സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിളിച്ചുചേർത്തയോഗത്തിലാണ് എല്ലാ ട്രേഡ് യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചത്. കലോത്സവ വേദികളിലേക്ക് സൗജന്യമായി ഓട്ടോസർവീസ് നടത്താനൊരുക്കമാണെന്ന് യൂണിയനുകൾ അറിയിച്ചിട്ടുണ്ട്. വിവിധ യുവജന സംഘടനകളും സി.ഐ.ടി.യു,എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, ബി.എം.എസ്, കെ.ടി.യു.സി (ബി), പി.എസ്.യു, എച്ച്.എം.എസ്, എൻ.വൈ.സി (എസ്), സേവ യൂണിയൻ, എസ്.ടി.യു, എച്ച്.എം.കെ.പി., ഡി.വൈ.എഫ്.ഐ, കെ.എസ്.യു എന്നീ സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |