തിരുവനന്തപുരം: വന്ദേഭാരത് കഴിഞ്ഞാൽ കേരളത്തിൽ വളരെയധികം യാത്രക്കാരുള്ള ജനശതാബ്‌ദി എക്‌സ്‌പ്രസിൽ പുതിയ കോച്ചുകളിലെ സീറ്റുകളെക്കുറിച്ച് വ്യാപക പരാതി ഉയർന്നിരുന്നു. ചരിവില്ലാത്ത കുത്തനെയുള്ളതും കാലുകൾക്ക് താങ്ങ് നൽകാത്തതുമായ സീറ്റുകളെക്കുറിച്ച് ജനങ്ങൾ മോശം അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഇതിനെത്തുടർന്ന് പുതിയ ചരിവുള്ള ബക്കറ്റ് സീറ്റുകൾ ഏർപ്പെടുത്താൻ പോകുന്ന വിവരം കഴിഞ്ഞദിവസം ദക്ഷിണ റെയിൽവെ അറിയിച്ചിരുന്നു. ഇപ്പോഴിതാ അനുവദിച്ച പുതിയ ബക്ക്റ്റ് ടൈപ്പ് സീറ്റുകളുടെയും അവ ഘടിപ്പിച്ച പുതുപുത്തൻ കോച്ചുകളുടെയും ചിത്രം ദക്ഷിണ റെയിൽവെ തിരുവനന്തപുരം ഡിവിഷൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.
മികവാർന്ന പുഷ്‌ബാക്ക് സീറ്റുകളാണ് അനുവദിച്ചിരിക്കുന്നതെന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തം. ആദ്യഘട്ടത്തിൽ തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്‌ദിയിലെ സീറ്റുകളാകും മാറുക. അടുത്തഘട്ടത്തിൽ തിരുവനന്തപുരം-കണ്ണൂർ ജനശതാബ്‌ദിയിലെ സെക്കന്റ് സിറ്റിംഗ് സീറ്റുകൾ മാറും. സാധാരണ ട്രെയിനുകളിലെ ജനറൽ കോച്ചുകളിൽ നൽകുന്ന തീരെ ചരിവില്ലാത്ത കുത്തനെയുള്ള സീറ്റുകളായിരുന്നു ജനശതാബ്ദിയിലും നൽകിയിരുന്നത്. ഇത് യാത്രക്കാർക്ക് ഒട്ടും സൗകര്യമായിരുന്നില്ല. ഇതിനെതിരെ പല കോണുകളിൽ നിന്നും വ്യാപക പരാതികളും ഉയർന്നിരുന്നു. പുതിയ കോച്ചുകൾ എത്തിയത് യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകും. ചെന്നൈയിലെ ഇന്റഗ്രൽ കോച്ചുഫാക്ടറി ജനശതാബ്ദിക്ക് അനുയോജ്യമായ സിറ്റിംഗ് കോച്ചുകൾ നിർമ്മിക്കുന്നത് നിർത്തിയതിനാലാണ് കുത്തനെയുളള സീറ്റുകൾ ആ ട്രെയിനിൽ ഇടംപിടിച്ചത്. ഇപ്പോൾ ഉത്തരേന്ത്യയിൽ നിന്നാണ് പുതിയ കോച്ചുകൾ എത്തിച്ചത്.
വേണാട് എക്‌സ്‌പ്രസിൽ സാധാരണക്കാരുടെ ദുരിതയാത്രയ്‌ക്കും അറുതിയാകുമെന്ന് കഴിഞ്ഞദിവസം കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചിരുന്നു. എറണാകുളം-കോട്ടയം-ചെങ്ങന്നൂർ-കൊല്ലം റൂട്ടിൽ പുതിയ ട്രെയിൻ പത്ത് ദിവസത്തിനകം ആരംഭിക്കുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. വൈകിട്ട് നാല് മണിയോടെ എറണാകുളത്ത് നിന്നും പുറപ്പെട്ട് കൊല്ലം എത്തുന്ന തരമാകും സർവീസ് എന്നാണ് വിവരം.
Following widespread complaints about the steep, non-reclining seats without leg support in the new coaches of Kerala’s heavily travelled Jan Shatabdi Express, Southern Railway Thiruvananthapuram Division has now shared pictures of the newly approved bucket seats and the brand-new coaches fitted with them on social media.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |