
കോട്ടയം : മുസ്ലിംലീഗ് നേതാവ് എം.കെ.മുനീറിന് ക്യാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ സ്ഥാനം നൽകുകയും, പി.ജെ.ജോസഫിനെ പരിഗണിക്കാതിരിക്കുകയും ചെയ്തതിൽ കേരള കോൺഗ്രസിന് അതൃപ്തി. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ നേരിൽക്കണ്ട് പരാതി നൽകുമെന്ന് പാർട്ടി എക്സിക്യുട്ടീവ് ചെയർമാനും, മന്ത്രിയുമായ മോൻസ് ജോസഫ് വ്യക്തമാക്കി.
കേരള കോൺഗ്രസ് ചെയർമാനും മുതിർന്ന നേതാവുമായ പി.ജെ.ജോസഫിന് അർഹമായ അംഗീകാരം നൽകണം. ഏത് പദവി നൽകണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ യു.ഡി.എഫിന്റെ പ്രഥമ കൺവീനറായ അദ്ദേഹത്തെ ഭരണരംഗത്ത് ഉചിതമായ സ്ഥാനത്ത് കൊണ്ടുവരണമെന്നാണ് പാർട്ടി നിലപാട്. ഉഭയകക്ഷി ചർച്ച ഉടനാരംഭിക്കുമെന്നാണ് പ്രതീക്ഷ. കോൺഗ്രസ് അടക്കമുള്ള ഘടകകക്ഷികളുമായി ഭരണപരമായ വിഷയങ്ങളിലും ബോർഡ്/കോർപ്പറേഷൻ പദവികളിലും ചർച്ച നടത്തേണ്ടതുണ്ടെന്നും മോൻസ് പറഞ്ഞു. ഏഴ് എം.എൽ.എമാർ മാത്രമുള്ള കേരള കോൺഗ്രസിന് മൂന്ന് ക്യാബിനറ്റ് പദവി നൽകേണ്ടതില്ലെന്ന നിലപാടിലാണ് ചില കോൺഗ്രസ് നേതാക്കൾ. ഇതുംകൂടി മുന്നിൽക്കണ്ടാണ് മോൻസിന്റെ പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |